കൊച്ചി∙ വിദഗ്ധ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈൻ നയം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നതാണ് ലക്ഷ്യം. രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണ്. ബോൾഗാട്ടിയിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള കൊച്ചി ഡിസൈൻ വീക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-രാജ്യാന്തര വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തും. സർഗാത്മകതയുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങൾ രാജ്യത്തു നടക്കുമ്പോൾ സംസ്ഥാനത്തെ ഡിസൈന്‍ തലസ്ഥാനമായി മാറ്റാനാണു പരിശ്രമിക്കുന്നത്. അതിനു വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങള്‍ എന്നിവ കേരളത്തിനുണ്ട്. കെ-ഫോണ്‍, മുക്കിലും മൂലയിലുമെത്തുന്ന ഇന്റര്‍നെറ്റ് സംവിധാനം, ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസൈന്‍ മേഖലയ്ക്കു മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആരംഭിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വെളിച്ചെണ്ണ, കശുവണ്ടി, കയര്‍ മുതലായ കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ ഈ ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിക്കും. കര്‍ശനമായ ഗുണമേന്മ പരിശോധനകള്‍ക്ക് ശേഷമാകും ഇവ വിപണിയിലിറക്കുന്നത്. ഇതിന്റെ വില്‍പനയ്ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം അവതരിപ്പിക്കും. മെച്ചപ്പെട്ട ഡിസൈനിലൂടെ ഉൽപന്നത്തിന്റെ ഡിമാൻഡ്, മൂല്യം, മത്സരശേഷി എന്നിവ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.