തിരുവനന്തപുരം: പൂവാറിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ഓടി കളിച്ചതിന് ആറര വയസ്സുകാരിക്ക് മർദ്ദനം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളുമാണ് ചെങ്കണിന് ചികിത്സ തേടി പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
ഡേക്ടറെ കണ്ടശേഷം പൂവാർ ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞുകിടന്ന ബസ്സിൽ കയറി ഇരിക്കവെയാണ് ബസ്സിനുള്ളിൽ ഓടിക്കളിച്ച ആറര വയസ്സുകാരിയെ, ദേഹത്ത് തട്ടിയെന്ന കാരണം പറഞ്ഞ് ആക്രമിച്ചത്. കരിങ്കുളം ചാനാകര ശിവൻ കോവിലിന് സമീപം താമസിക്കുന്ന യേശുദാസൻ എന്ന വ്യക്തിയാണ് കുട്ടിയുടെ മുഖത്ത് കൈ മുറുക്കി ഇടിച്ച് പരിക്കേൽപ്പിച്ചത്. മുഖത്ത് നീരും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ പ്രതിയുടെ വീഡിയോ അടക്കം നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പൂവാർ പൊലീസ് പറയുന്നത്. മർദ്ദനമേറ്റ കുട്ടിയുടെ വീട് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അമ്മ ആദ്യം കാഞ്ഞിരംകുളം പൊലീസിന് നൽകിയ പരാതി സ്വീകരിക്കാത്തതിനെ തുടർന്നാണ് സംഭവം നടന്ന പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് എന്ന് പറയുന്നു.
അതേസമയം, കണ്ണൂരിൽ ചാവശ്ശേരി പത്തൊമ്പതാം മൈലിൽ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പത്തൊൻപതാം മൈൽ ടി എൻ മൈമൂനയ്ക്കാണ് അയൽവാസിയുടെ വെട്ടേറ്റത്. മൈമൂനയെ കഴുത്തിന് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കമാണ് അക്രമത്തിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസ് നിഗമനം. മൈമുനയെ വെട്ടിയ അബ്ദു ഓടി രക്ഷപ്പെട്ടു. ഇയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.