കൊച്ചി: മെഡിക്കൽ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം എൻജിനീയറിങ് കോളജുകളുടെ കാര്യത്തിൽ ബാധകമാണോയെന്നതടക്കം പുതിയ ഉത്തരവിൽ വ്യക്തത തേടി ഹൈകോടതി. സർക്കാറും വനിത കമീഷനും വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശം.
മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ രാത്രി 9.30ന് ശേഷം നിയന്ത്രണം ബാധകമാക്കിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം രാത്രി 9.30ന് ശേഷം മൂവ്മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ഹോസ്റ്റലിൽ പ്രവേശിക്കാം. രണ്ടാം വർഷം മുതലാണ് ഇതു ബാധകം. എന്നാൽ, രാത്രി 9.30നുശേഷം ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ടോ എന്നതിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാത്രി 9.30നുശേഷം ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാനുള്ള വിലക്കിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് വിദ്യാർഥിനികൾ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പുതിയ ഉത്തരവ് ഭേദമാണെന്നായിരുന്നു കോടതിയുടെ അഭിപ്രായം. മൂവ്മെന്റ് രജിസ്റ്റർ കാണാനുള്ള അവകാശം മാതാപിതാക്കൾക്കും ലഭ്യമാക്കണം.
ഒന്നാം വർഷ വിദ്യാർഥികളുടെ കാര്യത്തിൽ റാഗിങ് ഉൾപ്പെടെ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിയന്ത്രണത്തിൽ തെറ്റുപറയാനാവില്ല. കുട്ടികളെ തുറന്നുവിടണമെന്നില്ല. പക്ഷേ, അവിശ്വസിക്കുന്ന സാഹചര്യം പാടില്ല. അച്ചടക്കത്തിനായി സമയനിബന്ധന ഏർപ്പെടുത്തുന്നതിൽ എതിർപ്പില്ല. പെൺകുട്ടികൾക്കു മാത്രമായി നിയന്ത്രണം കൊണ്ടുവരുന്ന സ്ഥിതി മാറണം. സമൂഹത്തിന്റെ സദാചാരബോധം പെൺകുട്ടികളിൽ മാത്രം അടിച്ചേൽപിക്കുന്ന സ്ഥിതി പാടില്ലെന്നും കോടതി വ്യക്തമാക്കി. ലിംഗ സമത്വനയം ആവശ്യമാണെന്നായിരുന്നു വനിത കമീഷൻ അഭിഭാഷക അറിയിച്ചത്. പുതിയ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും 9.30ന് ശേഷം പുറത്തിറങ്ങാൻ നിയന്ത്രണമുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് വിശദീകരണം തേടിയത്. ഹരജി വീണ്ടും ഡിസംബർ 20ന് പരിഗണിക്കാൻ മാറ്റി.