മാന്നാർ: പരുമലയിലും ചെന്നിത്തലയിലും മോഷണം നടന്നതിന് പിന്നാലെ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം. മാന്നാർ നായർ സമാജം സ്‌കൂളിന് തെക്കു വശത്തുള്ള എം.ജി മെഡിക്കൽ സ്റ്റോർ, പത്മശ്രീ മെഡിക്കൽസ്, പ്രിയ ബേക്കറി ആൻഡ് സ്റ്റേഷനറി എന്നിവിടങ്ങളിലാണ് പുലർച്ചെ മോഷണം നടന്നത്. സമീപത്തുള്ള ചിലങ്ക സ്റ്റേഷനറി, ആമ്പിയൻസ് എന്നിവിടങ്ങളിൽ മോഷണ ശ്രമവും നടന്നു. വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷണങ്ങൾ നടത്തിയിട്ടുള്ളത്.
എം.ജി മെഡിക്കൽ സ്റ്റോറിൽ നിന്ന് മുപ്പതിനായിരത്തോളം രൂപയും ഒരു മൊബൈൽ ഫോണും പത്മശ്രീ മെഡിക്കൽസിൽ നിന്നും ആറായിരത്തോളം രൂപയും പ്രിയ ബേക്കറിയിൽ നിന്ന് പണത്തോടൊപ്പം ബേക്കറി സാധനങ്ങളും മോഷണം പോയതായി ഉടമകൾ പൊലീസിനോട് വിശദമാക്കി. പുലർച്ചെ ഒരു മണി കഴിഞ്ഞാണ് മോഷണം നടന്നിരിക്കുന്നത്. മാന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കടകളിലെ സി.സി.ടി.വികൾ പരിശോധിച്ച് മുഖംമൂടിയും കൈ ഉറകളും ധരിച്ച് പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിക്കുന്നതും കടകൾക്കുള്ളിൽ നിൽക്കുന്നതുമായ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് മുൻപും മാന്നാറിലെ കടകളിലും ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ സമീപ പ്രദേശങ്ങളിലായി നടക്കുന്ന മൂന്നാമത്തെ മോഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ ശനിയാഴ്ച പരുമലയിലെ ഒരു ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. തിങ്കളാഴ്ച ചെന്നിത്തലയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്. മോഷണ പരമ്പര പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മോഷ്ടാവിനെ ഇനിയും പൊലീസ് കണ്ടെത്താത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. മാന്നാർ തിരുവല്ല റോഡിനിരുവശങ്ങളിലുമുള്ള സി.സി.ടി.വികൾ പരിശോധിച്ച പൊലീസ് സംശയമുള്ളവരെ അന്വേഷണം നടത്തി നിരീക്ഷിച്ച് വരികയാണ്.