ന്യൂഡൽഹി: ഒരു ഉൽപന്നത്തിന്റേയും നികുതി വർധിപ്പിക്കാതെ ജി.എസ്.ടി കൗൺസിൽ യോഗം. നികുതി വർധന സംബന്ധിച്ച് അടുത്ത യോഗത്തിൽ ചർച്ചയുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
നേരത്തെ സിഗരറ്റ്, ഗുഡ്ക എന്നിവയുടെ നികുതി സംബന്ധിച്ച് ജി.എസ്.ടി കൗൺസിൽ യോഗം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നികുതി വർധന യോഗം പരിഗണിച്ചില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.രണ്ട് കോടി വരെയുള്ള ജി.എസ്.ടി ലംഘനങ്ങൾക്ക് ഇനി വിചാരണയുണ്ടാവില്ല. കോമ്പൗണ്ടിങ് തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലുള്ള 50 മുതൽ 150 ശതമാനമെന്നത് 25 മുതൽ 100 ശതമാനമായാണ് കുറച്ചത്.
ഓൺലൈൻ ഗെയിമിങ്ങിലെ നികുതിയെ കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടായില്ലെന്ന് റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചുവെങ്കിലും അത് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.