ന്യൂഡൽഹി∙ അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനികർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചൈന ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുകയാണെന്നും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നും കോൺഗ്രസ് ഉൾപ്പെടയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ചിത്രം പങ്കുവച്ചത്.ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ സംഘർഷമുണ്ടായ തവാങ് കിരൺ റിജിജുവിന്റെ ലോക്സഭാ മണ്ഡലത്തിലാണ്. തവാങ്ങിലെ യാങ്ത്‌സെ പ്രദേശം പൂർണമായും സുരക്ഷിതമാണെന്ന് കിരൺ റിജിജു പറഞ്ഞു. ധീരൻമാരായ ഇന്ത്യൻ സൈനികരെ മതിയായ രീതിയിൽ വിന്യസിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ നാണക്കേടായിരിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിൽ നമ്മൾ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ സൈനികരെ നരേന്ദ്ര മോദി സർക്കാർ അപമാനിക്കുകയാണെന്നും ചൈന നമ്മുടെ സ്ഥലം കയ്യേറുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ‘ചൈന യുദ്ധത്തിനാണ് തയാറെടുക്കുന്നത്. ചൈനയുടെ ഭീഷണി അവഗണിച്ച് സർക്കാർ ഉറങ്ങുകയാണ്. 2000 സ്ക്വയർ കിലോമീറ്റർ ഇന്ത്യൻ പ്രദേശം കയ്യേറിയ ചൈന 20 സൈനികരെ വധിച്ചെന്നും രാഹുൽ ആരോപിച്ചു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികരെ കയ്യേറ്റം ചെയ്തെന്നും രാഹുൽ ആരോപിച്ചു. ഇതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി ഇന്ത്യൻ ആർമിയെ മാത്രമല്ല അപകീർത്തിപ്പെടുത്തുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെക്കൂടിയാണെന്നും ബിജെപി കുറ്റപ്പെടുത്തി.