അമിതവണ്ണം കുറയ്ക്കാന്‍ പലരും തിരഞ്ഞെടുക്കുന്ന കുറുക്ക് വഴിയാണ് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഏതാണ്ട് മൊത്തമായി ഒഴിവാക്കുന്ന ലോ കാര്‍ബ് ഡയറ്റ്. ഇത്തരത്തിലുള്ള ലോ കാര്‍ബ് ഡയറ്റ് വഴി ഭാരം കുറച്ച പലരും നമ്മുടെ ചുറ്റും ഉണ്ടാകുമെന്നതും നേര്. എന്നാല്‍ ഒരാള്‍ക്ക് ഫലപ്രദമായ ഡയറ്റ് പ്ലാന്‍ മറ്റൊരാള്‍ക്ക് അതേ ഫലങ്ങള്‍ നല്‍കിയേക്കില്ലെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. എന്നു മാത്രമല്ല ദീര്‍ഘകാല ഫലങ്ങള്‍ എടുത്ത് നോക്കിയാല്‍ ലോ കാര്‍ബ് ഡയറ്റ് പിന്തുടര്‍ന്നവരും സന്തുലിതമായ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ് സ്വീകരിച്ചവരും തമ്മില്‍ കാര്യമായ വ്യത്യാസം ഭാരക്കുറവിന്‍റെ കാര്യത്തില്‍ ഉണ്ടാകാറില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കൊക്ക്റേയ്ന്‍ ഡേറ്റാബേസില്‍ പ്രസിദ്ധീകരിച്ച ഒരു അവലോകന പഠനം അനുസരിച്ച് ലോ കാര്‍ബ് ഡയറ്റ് കഴിച്ചവര്‍ക്ക് സന്തുലിത കാര്‍ബ് ഡയറ്റ് കഴിച്ചവരെ അപേക്ഷിച്ച് മൂന്ന് മുതല്‍ ഒൻപത് മാസത്തില്‍ അധികമായി കുറഞ്ഞത് ഒരു കിലോ ഭാരം മാത്രമാണ്. അമിതമായ ശരീരഭാരമുള്ള 7000 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 1800 പേര്‍ ടൈപ്പ് 2 പ്രമേഹ രോഗികളായിരുന്നു. ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ ലോ കാര്‍ബ് ഡയറ്റ് പിന്തുടര്‍ന്നവര്‍ക്ക് സന്തുലിത കാര്‍ബ് ഡയറ്റ് കഴിച്ചവരെ അപേക്ഷിച്ച് ആറ് മാസം കൊണ്ട് 1.3 കിലോ അധികമായി കുറഞ്ഞു. എന്നാല്‍ ഒന്ന്, രണ്ട് വര്‍ഷത്തെ കാലാവധി എടുത്ത് കഴിഞ്ഞാല്‍ കാര്യമായ വ്യത്യാസം ലോ കാര്‍ബ് ഡയറ്റും സന്തുലിത കാര്‍ബ് ഡയറ്റും കഴിക്കുന്നവര്‍ തമ്മില്‍ ഉണ്ടാകുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര തുടങ്ങിയ മറ്റ് ആരോഗ്യ സൂചകങ്ങളിലും ഇരു ഗ്രൂപ്പും തമ്മില്‍ കാര്യമായ വ്യതിയാനമില്ല.
അതേ സമയം കാര്‍ബോഹൈഡ്രേറ്റ് അളവ് പെട്ടെന്ന് ഭക്ഷണത്തില്‍ നിന്ന് വെട്ടിച്ചുരുക്കുന്നത് മലബന്ധം, തലവേദന, പേശി വേദന പോലുള്ള താത്ക്കാലിക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ തോത് കുറയുമ്പോൾ ഊര്‍ജ്ജത്തിനായി ശരീരം കൊഴുപ്പിനെ കീറ്റോണുകളായി മാറ്റും. കീറ്റോസിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. കീറ്റോസിസിന്‍റെ പാര്‍ശ്വഫലങ്ങളായി വായ് നാറ്റം, ക്ഷീണം, തലവേദന, ദൗർബല്യം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. ദീര്‍ഘകാലത്തെ കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രണം വൈറ്റമിനുകളും ധാതുക്കളും ശരീരത്തില്‍ കുറയാനും വയറിനും കുടലിനും രോഗങ്ങളുണ്ടാകാനും കാരണമായേക്കാം. കണ്ണുമടച്ച് ലോ കാര്‍ബ് ഡയറ്റ് പോലുള്ള ഡയറ്റ് പ്ലാനുകള്‍ പിന്തുടരും മുന്‍പ് ഡയറ്റീഷ്യന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ തേടേണ്ടതാണ്.