പാലക്കാട്: ഓട്ടോറിക്ഷകളെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുുടര്‍ന്ന് പാലക്കാട് ഓട്ടോ റിക്ഷകളില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന.യാത്രക്കാരില്‍ നിന്ന് അമിത ചാർജ് ഈടാക്കുന്നു,ഡ്രൈവർമാർ യാത്രക്കാരോട് മോശമായി പെരുമാറുന്നു തുങ്ങിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ ഓട്ടോറിക്ഷകളിൽ ജില്ലാ പൊലീസ് പരിശോധന നടത്തിയത്.വനിതാ പൊലീസ് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ ഓട്ടോ റിക്ഷകള്‍ ഓട്ടം വിളിച്ചായിരുന്നു പരിശോധന.പരാതിക്ക് കാരണമായ പ്രതികരണമുണ്ടായ 65 ഓട്ടോ റിക്ഷകൾക്കെതിരെ പിഴയുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പാലക്കാട് എ എസ്‍ പി ഷാഹുൽ ഹമീദ് പറഞ്ഞു.
ഇതിനിടെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ പുതൂരിൽ പുലിയിറങ്ങിയത് ആശങ്ക പടര്‍ത്തി. ആലമരം സ്വദേശി കനകരാജിന്‍റെ രണ്ട് പശുക്കള പുലി കടിച്ചു കൊന്നിരുന്നു.ഇന്ന് പുലർച്ചെയാണ് അട്ടപ്പാടി പുതൂർ ആലമരത്തെ ജനവാസ മേഖലയിൽ പുലിയിറങ്ങിയത്.കര്‍ഷകനായ കനകരാജിന്‍റെ ഒന്നര വയസ്സ് പ്രായമുള്ള രണ്ട് പശുക്കളെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെയാണ് പുലി കൊന്നത്. ഒരു പശുവിനെ പാതി ഭക്ഷിച്ച നിലയില്‍ ഉപേക്ഷിച്ചു. ഒരു വർഷത്തിനിടെ പ്രദേശത്ത് 15 ഓളം പശുക്കളെ പുലി ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
അതേസമയം ധോണി, അകത്തേത്തറ എന്നിവിടങ്ങളിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാന ശല്യവും രൂക്ഷമാണ്.നാട്ടിലിറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. രാത്രി ധോണിയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ പടക്കം പൊട്ടിച്ചാണ് നാട്ടുകാർ കാട്ടിലേക്ക് തിരിച്ചയച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രദേശത്ത് വൻ നാശ നഷ്ടമാണ് പിടി7 ഉണ്ടക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. പിടി7 ന്‍റെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാട്ടനയെ മയക്കുവെടി വെച്ച് തളയ്ക്കാൻ ചീഫ് വൈൾഡ് ലൈഫ് വാർഡൻ നിർദേശം നൽകി.