റാഞ്ചി ∙ ഡൽഹിയിലെ ശ്രദ്ധ വോൾക്കർ കൊലപാതകത്തിന്റെ മാതൃകയിൽ ജാർഖണ്ഡിലും ക്രൂരത. ആദിവാസി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. 22 വയസ്സുകാരി റൂബിക പഹാദനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിൽ മനുഷ്യശരീര ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം അൻപതോളം കഷ്ണങ്ങളാക്കി വീട്ടിൽ ചാക്കിനുള്ളിൽ സൂക്ഷിക്കുകയും ചില ഭാഗങ്ങൾ സമീപ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ദിൽദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. കുറച്ചു ദിവസങ്ങളായി വഴക്ക് കൂടുകയും അത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച ദിർദാറിന്റെ അമ്മ, റൂബികയെ അവരുടെ സഹോദരൻ മൊയ്നുദ്ദീൻ അൻസാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ച് റൂബികയെ കൊന്ന ശേഷം, ഇരുമ്പ് മുറിക്കുന്ന മെഷീൻ ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ എറിയുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം
ശനിയാഴ്ച കൈവിരൽ, തോൾ, ഒരു കൈ, ശ്വാസകോശം, വയറിന്റെ ഭാഗങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് പൊലീസ് ദിൽദാറിന്റെയും ബന്ധുക്കളുടെയും വീടുകളിൽ പരിശോധന നടത്തി. ഈ പരിശോധനയ്ക്കിടയിലാണ് ദിൽദാറിന്റെ അമ്മാവന്റെ വീടിന്റെ ടെറസിൽ രക്തക്കറ കണ്ട് ചോദ്യം ചെയ്തത്. ദിൽദാറിന്റെ അമ്മാവൻ അൻസാരിക്കും കൊലയിൽ പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു.ദിൽദാറിന്റെയും അൻസാരിയുടെയും കുടുംബാംഗങ്ങളും പൊലീസ് കസ്റ്റഡിയിലാണ്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പതിമൂന്നോളം ശരീരഭാഗങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൂട്ടിക്കിടന്ന ഒരു വീടിനുള്ളിൽനിന്നു ചില ശരീരഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.