തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്ക്. അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.
ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ തിരുവനന്തപുരം പൊഴിയൂർ ജംഗ്ഷനിൽ നാട്ടുകാർ സ്ക്രീൻ സ്ഥാപിച്ചിരുന്നു. ഇവിടെ ഇന്നലെ ഫൈനൽ മത്സരം കാണാൻ ധാരാളം ആളുകൾ എത്തുകയും ചെയ്തു. ഇതിനിടെയാണ് രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊഴിയൂർ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു.
പൊഴിയൂർ എസ്.ഐ സജിയെ ജസ്റ്റിൻ മർദ്ദിച്ചു. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമത്തിൽ പരിക്കേറ്റ എസ്.ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐയ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിൻ പാറശാല പോലീസ് കസ്റ്റഡിയിലാണ്.