ദില്ലി: ‘ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത സമീപനം’ എന്നതിലാണ് ഇന്ത്യാ ഗവൺമെന്റിന്റെ നയപരമായ ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഗവണ്മെന്റ്, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (UAPA) ശക്തമാക്കി നിയമ മാർഗ്ഗത്തിലൂടെ മുന്നോട്ട് പോവുകയാണ്. ദേശീയ അന്വേഷണ ഏജൻസി (ഭേദഗതി) നിയമം കൊണ്ടുവന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് ഫെഡറൽ ഘടന ഉറപ്പുവരുത്തുകയും നിർവ്വഹണ തലത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വവസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഠാക്കൂർ.
ഉന്നതമായ ആഗോള വേദികളിൽ ഇന്ത്യ ഭീകരവാദത്തെ സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. 2000-ലധികം വിദേശ പ്രതിനിധികളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയിൽ, ‘ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ആഗോള നടപടി’ എന്ന പ്രഖ്യാപനത്തിൽ യോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സായുധ സേനയുടെ ഇടപെടൽ മൂലം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ 168% കുറവുണ്ടായതായും ഠാക്കൂർ പറഞ്ഞു. അതുപോലെ, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ 94% കേസുകളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടു.
വടക്ക് കിഴക്കൻ മേഖലയിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് പറഞ്ഞ മന്ത്രി, 2014ന് ശേഷം കലാപങ്ങൾ 80 ശതമാനം കുത്തനെ കുറഞ്ഞതായും സാധാരണ പൗരന്മാരുടെ മരണങ്ങൾ 89 ശതമാനം കുറഞ്ഞതായും ചൂണ്ടിക്കാട്ടി. 2014 ണ് ശേഷം ഇത് വരെ ആറായിരം തീവ്രവാദികൾ കീഴടങ്ങി. ഇടതുപക്ഷ തീവ്രവാദികളെ നിർവ്വീര്യമാക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അക്രമ സംഭവങ്ങളിൽ 265 ശതമാനം കുറവുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലുടനീളം ശാശ്വതമായ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ഗവൺമെന്റ് പ്രവർത്തിച്ചതിന്റെ ഫലമായി നിരവധി സമാധാന ഉടമ്പടികൾ യാഥാർത്ഥ്യമായി: 2020 ജനുവരിയിലെ ബോഡോ കരാർ, 2020 ജനുവരിയിലെ ബ്രൂ-റിയാങ് കരാർ, 2019 ഓഗസ്റ്റിലെ NLFT-ത്രിപുര കരാർ, 2021 സെപ്തംബറിലെ കാർബി ആംഗ്ലോംഗ് കരാർ, 2022 മാർച്ചിലെ അസം-മേഘാലയ അന്തർ സംസ്ഥാന അതിർത്തി കരാർ എന്നിവയാണവ.
സായുധസേനാ പ്രത്യേകാധികാര നിയമത്തെക്കുറിച്ച് (AFSPA)മന്ത്രി പരാമർശിച്ചു. ത്രിപുരയും മേഘാലയയും ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയുടെ ഭൂരിഭാഗം പ്രദേശത്തും ഈ നിയമം പിൻവലിച്ചതായി അദ്ദേഹം വ്യക്തമാക്കി. അരുണാചൽ പ്രദേശിൽ മൂന്ന് ജില്ലകളിൽ മാത്രമേ ഇത് പ്രാബല്യത്തിൽ ഉള്ളൂ. അസമിൽ 60 ശതമാനം AFSPA രഹിതമാണ്. ആറ് ജില്ലകൾക്ക് കീഴിലുള്ള 15 പൊലീസ് സ്റ്റേഷനുകളെ അസ്വസ്ഥ ബാധിത വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. ഏഴ് ജില്ലകളിലെ 15 പൊലീസ് സ്റ്റേഷനുകളിലെ അസ്വസ്ഥബാധിത പ്രദേശ വിജ്ഞാപനം നീക്കം ചെയ്തതായും മന്ത്രി പറഞ്ഞു.
ദുരിതബാധിതരായ ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്നത് പരമപ്രധാനമായി ഗവൺമെന്റ് കരുതുന്നതായും ലോകമെമ്പാടും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ രാജ്യം മുൻപന്തിയിലുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഠാക്കൂർ ആ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും എടുത്തുപറഞ്ഞു. 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഗംഗ ദൗത്യം മുഖേന 22,500 പൗരന്മാരെ രക്ഷപ്പെടുത്തി, ദേവി ശക്തി ദൗത്യം മുഖേന 670 ഇന്ത്യൻ പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി, 2021-22 വർഷത്തിൽ വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ 1.83 കോടി പൗരന്മാരെ കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നത് രക്ഷാപ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്, ചൈനയിലെ വുഹാനിൽ നിന്ന് 654 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യക്കാർക്ക് മാത്രമല്ല, ദുരിതത്തിലായ വിദേശ പൗരന്മാർക്കും ഇന്ത്യ സഹായഹസ്തം വാഗ്ദാനം ചെയ്തു. 2016-ൽ സങ്കട് മോചൻ ദൗത്യം മുഖേന, 2 നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 155 പേരെ ദക്ഷിണ സുഡാനിൽ നിന്ന് തിരികെ കൊണ്ടുവന്നു. മൈത്രീ ദൗത്യം മുഖേന 5000 ഇന്ത്യക്കാരെയും 170 വിദേശ പൗരന്മാരെയും നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തി. 1,962 വിദേശികൾ ഉൾപ്പെടെ 6,710 പേരെ റാഹത്ത് ദൗത്യം മുഖേന യെമനിൽ നിന്ന് രക്ഷപ്പെടുത്തി.
ഈ ശ്രമങ്ങൾ ലോകത്ത് ഇന്ത്യക്ക് പ്രത്യേക സ്ഥാനം കൈവരുന്നതിന് കരണമായതായും, പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാ സഹായവും എളുപ്പത്തിൽ വാഗ്ദാനം ചെയ്യുന്ന ഒരു രാജ്യമായാണ് മറ്റ് രാജ്യങ്ങൾ ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്ക് അഭയം നൽകുകയും അക്രമത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന രാജ്യമായി അയൽരാജ്യത്തെ കാണുമ്പോൾ ഭീകരവാദത്തിനെതിരെ ശക്തമായി പ്രവർത്തിക്കുന്ന രാജ്യമായാണ് ഇന്ത്യ വീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.