കോട്ടയം: കെ – റെയിൽ നടപ്പാക്കുന്ന സിൽവർ ലൈനിനെ വിശേഷിപ്പിക്കുന്നത് തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ പാത എന്നാണെങ്കിലും പദ്ധതി നടപ്പായാൽ കാര്യമായ ഗുണമുണ്ടാകുന്നത് തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം. 2024ഓടെ സിൽവർ ലൈനിലൂടെ 200 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ പോകുന്ന 44 ട്രെയിനുകളിൽ 18 എണ്ണം മാത്രമാണ് കോഴിക്കോട് കടന്ന് കണ്ണൂരിലെത്തുക. അതിനുമപ്പുറം കാസർകോട് എത്തുന്നതാകട്ടെ വെറും പത്തെണ്ണവും.
2051ൽപോലും ഈ റൂട്ടിൽ 10 ട്രെയിൻ ഓടിച്ചാൽ മതിയെന്നാണ് സാധ്യത പഠന റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
ആകെയുള്ള 530 കിലോമീറ്ററിൽ 173 കിലോമീറ്റർ ദൂരം കോഴിക്കോട്-കണ്ണൂർ-കാസർകോട് റൂട്ടാണ്. ഫലത്തിൽ സിൽവർ ലൈനിലൂടെ നടപ്പാക്കാനിരിക്കുന്നത് തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലെ അതിവേഗ യാത്രയാണ്. ആവശ്യത്തിനു യാത്രക്കാരുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് കോഴിക്കോട് – കണ്ണൂർ – കാസർകോട് റൂട്ടിൽ ട്രെയിനുകൾ കുറച്ചിരിക്കുന്നത്. എങ്കിൽ അതിവേഗപാത തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ പരിമിതപ്പെടുത്തിയാൽ പോരെ എന്ന ചോദ്യത്തിനു മുന്നിൽ കെ – റെയിൽ അധികൃതർ മൗനം പാലിക്കുകയാണ്. 530 കിലോമീറ്ററിന് 63,941 കോടിയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 357 കിലോമീറ്റർ മാത്രം ദൂരമുള്ള തിരുവനന്തപുരം – കോഴിക്കോട് സിൽവർ ലൈനിന് സർക്കാർ കണക്കിൽ കേവലം 43,000 കോടി ചെലവഴിച്ചാൽ മതിയാകും. മലബാറിനെ അവഗണിച്ചെന്ന പഴികേൾക്കേണ്ടിവരും എന്ന ചിന്തയിൽനിന്നാണ് കെ-റെയിൽ കാസർകോട്ടേക്കുതന്നെ നിശ്ചയിച്ചതെന്നാണ് സൂചന.
തിരൂർ മുതൽ കാസർകോടുവരെ കെ-റെയിലിന് അലൈൻമെന്‍റ് നിശ്ചയിച്ചിരിക്കുന്നത് നിലവിലെ റെയിൽപാതയോടു ചേർന്നാണ്. ഈ രീതിയിൽ പാത പണിതാൽ ഭാവിയിൽ എറണാകുളം-തൃശൂർ, ഷൊർണൂർ – കോഴിക്കോട്, കണ്ണൂർ-കാസർകോട്, മംഗലാപുരം കൊങ്കൺ റെയിൽ ഇടനാഴിക്കു തടസ്സമാകുമെന്ന നിലപാടിലാണ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ. കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന എറണാകുളം – കോഴിക്കോട് – മംഗലാപുരം അതിവേഗ റെയിൽപാതക്ക് തടസ്സമായേക്കാവുന്ന സിൽവർ ലൈൻ റെയിൽവേയുടെ ഭൂമിയിലൂടെ ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരുടെ അഭിപ്രായം.
തിരൂർ മുതൽ കാസർകോട് വരെയുള്ള ഏറ്റവും പുതിയ അലൈൻമെന്‍റ് വിശദ പദ്ധതി രേഖയോടൊപ്പം റെയിൽവേയുടെ പരിഗണനക്ക് എത്തുമ്പോൾ നിർദിഷ്ട അലൈൻമെന്‍റിന്‍റെ അപ്രായോഗികതയും റെയിൽവേക്ക് ഭാവിയിലുണ്ടായേക്കാവുന്ന തടസ്സങ്ങളും ചൂണ്ടിക്കാണിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ റെയിൽവേയുടെ നിസ്സഹകരണം ചൂണ്ടിക്കാട്ടി കോഴിക്കോട്-കണ്ണൂർ – കാസർകോട് ഭാഗത്തിന്‍റെ നിർമാണം മാറ്റിവെക്കുകയായിരിക്കും പോംവഴി. കേന്ദ്രത്തിന്‍റെ കേരള വികസന വിരുദ്ധ നിലപാടായി ഇതിനെ മാറ്റാമെന്നതും ഭൂമി ഏറ്റെടുക്കലില്ലാത്തതിനാൽ തിരൂർ മുതൽ കാസർകോടുവരെ ജനകീയ പ്രക്ഷോഭം ഉണ്ടാകില്ലെന്നതും പദ്ധതി നടപ്പാക്കിയെടുക്കുന്നതിൽ സർക്കാറിന് അനുകൂല ഘടകങ്ങളായി മാറും.