ന്യൂഡൽഹി∙ കേന്ദ്രമന്ത്രി വി.മുരളീധരനെ രാജ്യസഭയിൽ പുകഴ്‍ത്തി മുസ്‍ലിം ലീഗ്. വി.മുരളീധരൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഡൽഹിയിൽ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ്. എന്നാൽ കേരളത്തിൽ എത്തിയാൽ സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കും. മുരളീധരന്റെ വിമർശനങ്ങളിൽ വാസ്തവമുണ്ടെന്നും ലീഗ് എംപി പി.വി.അബ്‌ദുൽ വഹാബ് പറഞ്ഞു.അടുത്തിടെ മുസ്‌ലിം ലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് വി.മുരളീധരൻ രംഗത്തുവന്നിരുന്നു. കേരളത്തിലെ ഇടതുമുന്നണി നേതാക്കളുടെ പ്രസ്താവനകൾ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടൽ മാത്രമാണ്. ലീഗിനെ വർഗീയ പാർട്ടിയാക്കേണ്ടപ്പോൾ അങ്ങനെയും അല്ലാത്തപ്പോൾ മറിച്ചും ചിത്രീകരിക്കുന്നവരാണു സിപിഎമ്മുകാർ എന്നായിരുന്നു മുരളീധരന്റെ വിമർശനം.
ലീഗിനെതിരായ നിലപാട് ബിജെപി സ്വീകരിക്കുന്ന വേളയിലാണു പാർട്ടി എംപി കേന്ദ്രമന്ത്രി വി.മുരളീധരനെ പ്രശംസിച്ചതെന്നതു ശ്രദ്ധേയമാണ്. അതേസമയം, വി.മുരളീധരനെ സിപിഎം എംപി ജോൺ ബ്രിട്ടാസ് വിമർശിച്ചു. കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണു കേന്ദ്രമന്ത്രി ചെയ്യുന്നത്. നോട്ടുനിരോധനകാലത്ത് കേരളത്തിൽവന്നു പറഞ്ഞതെല്ലാം കേന്ദ്രമന്ത്രി മറന്നുവെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.