കൊച്ചി∙ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്നു ജഡ്ജി പിൻമാറി. കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് വിജി ഏബ്രഹാമാണു പിൻമാറിയത്. പ്രതികൾക്കു മുൻകൂർ ജാമ്യം നൽകിയ ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീടു പരിഗണിക്കും.
കേസിൽ പ്രതികളായ സിബി മാത്യൂസ്, ആർ.ബി. ശ്രീകുമാർ, ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ പി.എസ്. ജയപ്രകാശ്, വി.കെ. മൈനി അടക്കമുള്ളവരുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ജയിൻ കമ്മിറ്റി ശുപാർശകൾ അടക്കം പരിശോധിച്ച് വീണ്ടും മുൻകൂർ ജാമ്യഹർജി പരിഗണിക്കാൻ നിർദേശം നൽകിക്കൊണ്ടാണ് നേരത്തേ സുപ്രീം കോടതി പ്രതികൾക്കു അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയത്. മുൻകൂർ ജാമ്യഹർജികളിൽ ഹൈക്കോടതി തീരുമാനമെടുക്കുംവരെ അറസ്റ്റ് നടപടികളിലേക്കു കടക്കരുതെന്ന് സിബിഐക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.