തിരുവനന്തപുരം∙ ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ എന്നിവ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കും. ഇതനുസരിച്ചുള്ള റിപ്പോർട്ടാകും സുപ്രീംകോടതിയില്‍ സമർപ്പിക്കുക. സുപ്രീംകോടതി നിശ്ചയിച്ച പ്രദേശങ്ങൾ ജനവാസമേഖലയാണെന്ന് ബോധിപ്പിക്കും. എല്ലാ വിഷയങ്ങളും പരിശോധിച്ചുമാത്രമേ സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നൽകൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പ്രശ്നപരിഹാരത്തിന് വനംമന്ത്രി മുൻകൈയടുത്തില്ലെന്ന വാദം തെറ്റാണ്. സുപ്രീംകോടതി വിധി വന്നയുടൻ വനംമന്ത്രി യോഗം വിളിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്. ഫീൽഡ് സർവേയിലെ വിവരങ്ങൾ തെളിവായി സുപ്രീംകോടതിയിൽ നൽകും. പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി നിർദേശിച്ച എല്ലാ മാർഗങ്ങളും തേടും. ഉപഗ്രഹ സർവേ റിപ്പോർട്ട് അന്തിമമല്ല. സൂചകം മാത്രമാണ്.’– മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോവിഡിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകൾ സംസ്ഥാനത്ത് കുറവാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. വൈകിട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.