ലോട്ടറി വിൽപ്പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. തൃശൂർ പാട്ടുരായ്ക്കലില്‍ ലോട്ടറി വിൽപ്പന നടത്തിയിരുന്ന കാൻസർ രോഗിയായ സ്ത്രീയുടെ പണമടങ്ങിയ പഴ്സാണ് സ്വകാര്യ ബസ് ഡ്രൈവറായ ജോയ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.
ലോട്ടറി വാങ്ങാനെന്ന വ്യാജേന ഇയാള്‍ വിൽപ്പനക്കാരിയുടെ അരികിലെത്തി പഴ്സ് എടുത്ത് ഓടിപ്പോവുകയായിരുന്നു. പഴ്സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാൻ വരുന്നവർക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാർഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് പരിസരമാകെ നോക്കിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല.
ലോട്ടറി വിൽപ്പനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ, ലോട്ടറി വിൽപ്പനക്കാരി പറഞ്ഞ അടയാള വിവരങ്ങളുള്ള ഒരാൾ പാട്ടുരായ്കൽ ഭാഗത്ത് വേഗത്തിൽ ഓടിപ്പോകുന്നതും, പിന്നീട് ഓട്ടോറിക്ഷയിൽ കയറുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനെത്തുടർന്നാണ് പ്രതിയിലേക്കെത്തിയത്. പൊന്നൂക്കര സ്വദേശി പൂനത്ത് വീട്ടിൽ പി.ജെ. ജോയ് ആണ് പ്രതി.
തൃശൂരിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ഇയാൾ. ജോലിയില്ലാത്ത സമയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് പ്രതിയുടെ ശീലം. ഇയാൾ ഇതിനുമുമ്പ് തൃശൂർ ശക്തൻ നഗറിലെ ഫ്രൂട്ട് സ്റ്റാളിൽ കയറി, പണമടങ്ങിയ ബാഗ് മോഷ്ടിച്ചിരുന്നു. കയ്യോടെ പിടിച്ചപ്പോള്‍ പണം തിരിച്ചു നൽകി കേസില്ലാതെ ഒത്തുതീർക്കുകയായിരുന്നു.
ഡിസംബര്‍ ആദ്യവാരം മുണ്ടൂർ കൂട്ടുപാതയിൽ ലോട്ടറികട ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുത്തിരുന്നു. കൂട്ടുപാത പുന്നയിൽ വീട്ടിൽ വിജയന്റെ ബാഗാണ് നഷ്ടപെട്ടത്. ബാഗിൽ 19550 രൂപയും 500, 100 രൂപ പ്രൈസ് ഉള്ള രണ്ട് ലോട്ടറികളുമാണ് ഉണ്ടായിരുന്നത്.