ന്യൂഡൽഹി∙ ചൈനയിൽ പടരുന്ന കോവിഡ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മാസ്ക് നിർബന്ധമാക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ ജനക്കൂട്ടം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമുണ്ടാകും. ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചത്. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രോഗികൾ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. നിലവിൽ രാജ്യത്ത് 10 കോവിഡ് വകഭേദങ്ങളാണുള്ളത്.
ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. പൊതുസ്ഥലങ്ങിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധ ഇന്നലെമുതൽ തുടങ്ങിയിരുന്നു.