ചണ്ഡിഗഡ്∙ ഭാരത് ജോഡോ യാത്ര മുടക്കാന്‍ ബിജെപി കോവിഡിനെ ആയുധമാക്കുന്നു എന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സ്വീകര്യതയെ ബിജെപി ഭയക്കുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രിക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കി.
‘അവർ പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ടെന്നും യാത്ര അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അവർ എനിക്ക് കത്തയച്ചിരിക്കുകയാണ്. മാസ്ക് ധരിക്കുക, കോവിഡ് വ്യാപിക്കുന്നു– ഇതെല്ലാം ഈ യാത്ര നിർത്താനുള്ള ന്യായങ്ങളാണ്. അവർ രാജ്യത്തിന്റെ ശക്തിയിലും സത്യത്തിലും ഭയപ്പെട്ടിരിക്കുകയാണ്. ഇതാണ് സത്യം’– രാഹുൽ ഗാന്ധി ബിഹാറിലെ റാലിയിൽ പറഞ്ഞു.
മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് ഭാരത് ജോഡോ യാത്ര ഹരിയാനയിൽ പുരോഗമിക്കുന്നത്. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് രാജസ്ഥാനില്‍ തുടരുന്ന ജന്‍ ആക്രോശ് റാലി നിര്‍ത്തിവച്ചതായി ബിജെപി അറിയിച്ചു. ലോകത്തെ വിവിധയിടങ്ങളില്‍ കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ഭാരത് ജോഡോ യാത്ര നടത്തണമെന്നും അല്ലെങ്കില്‍ നിർത്തിവെക്കണമെന്നുമായിരുന്നു ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദേശം.
എന്നാല്‍ ഇത് ഭാരത് ജോഡോ യാത്ര ഇല്ലാതാക്കാനുള്ള ബിജെപിയുടെ പുതിയ അടവാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ആരോഗ്യമന്ത്രിയുടെ കത്ത് രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ലഭിച്ചിട്ടും യാത്രയില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഹരിയാനയിലൂടെ തുടരുന്ന യാത്രയില്‍ പതിവ് പോലെ വന്‍ ജനപങ്കാളിത്തമാണുള്ളത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ യാത്ര പ്രവേശിക്കുന്ന യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനി എന്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.