ന്യൂഡൽഹി: ചൈനയിൽ നിന്നും തിരിച്ചെത്തിയയാൾക്ക് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാവ്നഗറിൽ ഡിസംബർ 19ന് എത്തിയയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിളുകൾ ജിനോം സ്ക്വീൻസിങ്ങിന് അയച്ചു. 34കാരനായ വ്യവസായിക്കാണ് രോഗബാധ. ജോലി സംബന്ധമായ ആവശ്യത്തിനാണ് ഇയാൾ ചൈനയിൽ പോയത്.
ഇതിനിടെ കോവിഡ് പരിശോധന ഭാവ്നഗർ കോർപ്പറേഷൻ കൂടുതൽ ഊർജിതമാക്കി. സംസ്ഥാന സർക്കാർ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതെന്നും കോർപ്പറേഷൻ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയവർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ നിർദേശിച്ചു.
ഇതുവരെ ഇന്ത്യയിൽ 4 ബി.എഫ്.7 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് രോഗികൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതുൾപ്പടെയുള്ള കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുയർന്നിരുന്നു.