ചർമ്മകാന്തിക്ക് പപ്പായ എത്രമാത്രം ഗുണകരമാണെന്ന് പലർക്കും അറിയില്ല. പപ്പായയിലെ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾക്ക് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ പപ്പൈൻ സഹായിക്കും. പപ്പായയോടൊപ്പം മറ്റ് ചേരുവകളും ചേർത്ത് തയ്യാറാക്കാവുന്ന ഫെയ്സ് പാക്കുകളെക്കുറിച്ച് പരിചയപ്പെടാം. അരക്കപ്പ് പപ്പായ നന്നയി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. പപ്പായയും തേനും ചർമ്മത്തിൽ ജലാംശം വർദ്ധിപ്പിക്കുന്നതിന് പേരുകേട്ട ചേരുവകളാണ്. വരണ്ട ചർമ്മത്തിൽ ഇവ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കി തീർക്കുക്കുന്നു. പാൽ ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകളെ കുറയ്ക്കുകയും ചെയ്യുന്നു.
അരക്കപ്പ് പഴുത്ത പപ്പായ ചെറുതായി അരിഞ്ഞ് നന്നായി ഉടച്ചെടുക്കാം. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ ചന്ദനപൊടിയോ അല്ലെങ്കിൽ മുൾട്ടാണി മിട്ടിയോ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. പപ്പായ, നാരങ്ങ നീര് എന്നിവയിലെ എൻസൈമുകൾ ചർമ്മത്തെ ശുദ്ധീകരിക്കുകയും സുഷിരങ്ങളെ തുറന്നു കൊണ്ട് മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷ്മാണുക്കളെ നിർജീവമാക്കുകയും ചെയ്യുന്നു.
അര കപ്പ് പഴുത്ത പപ്പായ കഷ്ണങ്ങൾ നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചു ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും നേരിട്ട് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.മുട്ടയുടെ വെള്ളയിൽ ചർമ്മത്തെ ശക്തമാക്കാനുള്ള എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ സുഷിരങ്ങളെ ചുരുക്കുന്നു.