തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് പിടികൂടി. ആറ്റുകാൽ പാടശേരി സ്വദേശികളായ സുരേഷ് (52), മധുസൂദനൻ (48), മക്കു എന്ന് വിളിക്കുന്ന ശ്രീജിത്ത് (28), ഉണ്ണി എന്ന് വിളിക്കുന്ന അഖിൽ ജയൻ (28), ചിനു എന്ന് വിളിക്കുന്ന കിരൺ (26) എന്നിവരാണ് പിടിയിലായത്. ആറ്റുകാൽ പാടശേരി സ്വദേശി കണ്ണൻ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ജൂലൈ മാസം 28 ന് വൈകുന്നേരം 5 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.
ആറ്റുകാൽ കീഴമ്പിൽ പാലത്തിന് സമീപത്തിരുന്ന് ആറ്റിൽ നിന്ന് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കണ്ണന് ഷോക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ ഇയാൾ ആഗസ്റ്റ് ഒന്നിന് മരണപ്പെട്ടു. ഇതോടെ അസ്വാഭാവിക ഭരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടെയാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഇപ്പോൾ പിടിയിലായ പ്രതികളിൽ ഒരാൾ കണ്ണനെ വീട്ടിൽ നിന്ന് നിർബന്ധിച്ച് വിളിച്ച് കൊണ്ട് പോകുകയും മത്സ്യബന്ധനം നടത്താൻ പ്രേരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ണന്‍ അറിയാതെ പ്രതികളിൽ ഒരാളുടെ വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് അത് ആറ്റിലേക്ക് കൊണ്ട് പോയി. തുടർന്ന് മുളങ്കമ്പുകൾ ഉപയോഗിച്ച് വൈദ്യുതി ബന്ധം ഉറപ്പിച്ച ശേഷം അവിടെ നിന്ന് വയർ വലിച്ച് ആറ്റിലേക്കിട്ടു. തുടർന്ന് ചത്ത് പൊങ്ങുന്ന മീൻ ശേഖരിക്കാൻ കണ്ണനെ ഏർപ്പെടുത്തുകയായിരുന്നു.
കണ്ണന്‍ കുളത്തില്‍ നിന്നും ശേഖരിച്ച മത്സ്യം കരയിലേക്ക് ഇടുന്നതിനിടെ പ്രതികളിൽ ഒരാൾ ആറ്റിലേക്ക് വലിച്ചെറിഞ്ഞ വയറിൽ നിന്ന് വൈദ്യുതി ആറ്റിലെ വെള്ളത്തിലേക്ക് പ്രവഹിച്ചു. ഈ സമയം ആറ്റില്‍ നില്‍ക്കുകയായിരുന്ന കണ്ണന് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് കണ്ണന്‍ ആറ്റിലേക്ക് തന്നെ മറിഞ്ഞു വീണ് അബോധാവസ്ഥയിലായി. പ്രതികൾ ചേർന്ന് കണ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു. നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരുന്നത്. ഫോർട്ട് എ സി ഷാജിയുടെ നേതൃത്വത്തിൽ സി ഐ രാകേഷ്, എസ് ഐമാരായ സന്തോഷ് കുമാർ എൻ ഉത്തമൻ എ എസ് ഐ രതീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.