അടിവാരം: ഇന്ന് രാവിലെ താമരശ്ശേരി ചുരത്തിലുണ്ടായ ഗതാഗത കുരുക്ക് പരിഹരിച്ചു. ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്നാണ് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത തടസം നേരിട്ടത്. അവധി ദിവസങ്ങളായതിനാൽ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാർഗം യാത്രക്കെത്തിയത്. ഇവരെല്ലാം തന്നെ ചുരത്തില്‍ കുടുങ്ങിയ അവസ്ഥയായിരുന്നു. കുടുങ്ങിയ കെ.എ.സ്.ആർ.ടി.സി ബസ് സ്ഥലത്ത് നിന്ന് മാറ്റിയാണ് ഗതാഗത തടസത്തിന് പരിഹാരം കണ്ടത്.
കഴിഞ്ഞ ദിവസമാണ് വലിയ സജീകരണങ്ങളോടെ ഏറെക്കാലമായി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ ചുരത്തിലൂടെ കടത്തിവിട്ടത്. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങളെ കടത്തിവിടാതെ ഗതാഗതം കര്‍ശനമായി നിയന്ത്രിച്ച ശേഷമായിരുന്നു ഇത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്ലറുകൾ വെള്ളിയാഴ്ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു.