ഗുവാഹത്തി: യുവതിയെ കൊലപ്പെടുത്തി 10 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ അമ്മയടക്കം നാലുപേർ അറസ്റ്റിൽ. ദമ്പതികളും അവരുടെ മകനുമാണ് മറ്റുപ്രതികൾ. കേസിൽ അറസ്റ്റിലായ ദമ്പതികളുടെ കുട്ടികളില്ലാത്ത തങ്ങളുടെ മകൾക്ക് കുഞ്ഞിനെ കൈമാറാനാണ് യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു. അസമിലാണ് സംഭവം. അപ്പർ അസമിലെ കെന്ദുഗുരി ബൈലുങ് സ്വദേശിയായ നിതുമോണി ലുഖുരാഖോൺ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് ചറൈഡിയോ ജില്ലയിലെ രാജബാരി തേയില എസ്റ്റേറ്റിലെ അഴുക്കുചാലിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച മുതൽ യുവതിയെയും കുഞ്ഞിനെയും കാണാനുണ്ടായിരുന്നില്ല. പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ജോർഹട്ടിലെ അന്തർ സംസ്ഥാന ബസ് ടെർമിനനില്‍ വച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി. പ്രണാലി ഗൊഗോയ്, ഭർത്താവ് ബസന്ത ഗൊഗോയി, മകൻ പ്രശാന്ത ഗൊഗോയി, കൊല്ലപ്പെട്ട യുവതിയുടെ അമ്മ ബോബി ലുഖുറഖോണി എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ ദമ്പതികളുടെ മകൾ താമസിക്കുന്ന ഹിമാചൽ പ്രദേശിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ അതിന് മുമ്പേ പിടിവീണു. രഹസ്യവിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളെ പിടികൂടുകയായിരുന്നു. ‘കുഞ്ഞിനെ ഹിമാചൽ പ്രദേശില്‍ താമസിക്കുന്ന മകള്‍ക്ക് കൈമാറാനാണ്ണം ഇവർ നിതുമോണിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് യുവതിയെ കൊലപ്പെടുത്തി. മകന്റെ കൈയിൽനിന്ന് ട്രെയിനിൽ വെച്ചാണ് പൊലീസ് കുഞ്ഞിനെ കണ്ടെടുത്തത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു വെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് നിതുമോണി എതിര്‍ത്തപ്പോൾ മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ദമ്പതികള്‍ അവളെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു.