ഔറംഗബാദ്: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം രാജ്യമെമ്പാടും ‘സദ്ഭരണ ദിനം’ ആയി ആചരിക്കുമ്പോൾ ഒരു നക്ഷത്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകി ഔറംഗബാദിലെ ബിജെപി പ്രവർത്തകർ. ഔറംഗബാദ് ബിജെപി പ്രസിഡന്റ് ഷിരിഷ് ബോറൽക്കർ ആണ് വാജ്പേയിയുടെ പേര് ആദരസൂചകമായി ഒരു നക്ഷത്രത്തിന് നൽകിയ കാര്യം അറിയിച്ചത്.
ഭൂമിയിൽ നിന്ന് 392.01 പ്രകാശവർഷമാണ് ഈ നക്ഷത്രത്തിലേക്കുള്ള ദൂരം. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണിത്.”14 05 25.3 -60 28 51.9 കോർഡിനേറ്റുകളുള്ള നക്ഷത്രം 2022 ഡിസംബർ 25-ന് ഇന്റർനാഷണൽ സ്‌പേസ് രജിസ്‌ട്രിയിൽ രജിസ്റ്റർ ചെയ്‌തു. താരത്തിന് അടൽ ബിഹാരി വാജ്‌പേയി ജി എന്നാണ് പേര് നൽകിയത്. രജിസ്‌ട്രേഷൻ നമ്പർ CX16408US,” റെജിസ്ട്രി ഇന്റർനാഷണൽ സ്‌പേസ് സർട്ടിഫിക്കറ്റ് വായിച്ച് ഷിരിഷ് ബോറൽക്കർ അറിയിച്ചു.
1996 മെയ് 16 മുതൽ 1996 ജൂൺ 1 വരെയും 1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്പേയി. 1977 മുതൽ 1979 വരെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 ഓഗസ്റ്റ് 16-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. 2014ൽ അധികാരത്തിലെത്തിയ ശേഷം, മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി, എല്ലാ വർഷവും ഡിസംബർ 25 ‘സദ്ഭരണ ദിനമായി’ ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു.