വാളാട്: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉൾനാടുകളിൽ നിന്ന് കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനുള്ള യാത്രാ ക്ലേശം പരിഹരിക്കും. ആദിവാസി മേഖലകളിലെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം ഘട്ടം ഘട്ടമായി ഉയർത്തും. സംസ്ഥാനത്ത് പത്തരലക്ഷം കുട്ടികളാണ് പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിയത്. ദേശീയ തലത്തിൽ കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായം മാതൃകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഓരോ വിദ്യാലയങ്ങളിലും ദൃശ്യമാണ്.
പ്രകൃതി ദുരന്തങ്ങളെയും കോവിഡിനെയും അതിജീവിച്ചുള്ള മുന്നേറ്റമാണ് വിദ്യാഭ്യാസ രംഗത്തും സാധ്യമായത്. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും പൊതുവിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായി പ്രവർത്തിക്കുകയാണ്. അധ്യാപകരുടെ ക്രയശേഷി ഉയർത്താൻ അധ്യാപകർക്ക് ആറുമാസത്തിലൊരിക്കൽ പരിശീലനം നൽകാൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.