കൊച്ചി : നിരോധനാജ്ഞയുടെപേരിൽ ലക്ഷദ്വീപിൽ വെള്ളിയാഴ്ച പോലീസ് ജുമാ നിസ്കാരം തടഞ്ഞു. കവരത്തി ജുമാ മസ്ജിദിന്റെ ഗേറ്റ് പോലീസ് പൂട്ടി. നിസ്കരിക്കാനാകാതെ വിശ്വാസികൾക്ക് മടങ്ങേണ്ടിവന്നു. മിക്കദ്വീപുകളിലും സമാന അവസ്ഥയായിരുന്നു. നിസ്കാരം തടഞ്ഞതിലും ഒമിക്രോൺ കേസുകൾ ഒന്നുപോലുമില്ലാതെ നിരോധനാജ്ഞപ്രഖ്യാപിച്ചതിലും ദ്വീപുനിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒമിക്രോൺ വ്യാപനം തടയാനെന്നപേരിൽ ലക്ഷദ്വീപിൽ ബുധനാഴ്ചയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നാലോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് വിലക്കിയാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ഓഫീസുകളും സ്കൂളുകളുമെല്ലാം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. കവരത്തി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച 12.30-ഓടെ നിസ്കരിക്കാൻ വിശ്വാസികളെത്തിയപ്പോൾ പള്ളിയുടെ ഗേറ്റ് പൂട്ടി പോലീസ് കാവൽനിൽക്കുന്നതാണു കണ്ടത്. നിരോധനാജ്ഞയാണെന്നും അകത്തുകയറാൻ അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞു. നിർദേശം ലംഘിച്ചാൽ അറസ്റ്റുചെയ്യുമെന്ന മുന്നറിയിപ്പും നൽകി.
കുറച്ചുസമയം പള്ളിക്കുമുന്നിൽ കൂട്ടംകൂടിനിന്നശേഷം ദ്വീപുകാർ മടങ്ങി. കടമത്ത് ജുമാ മസ്ജിദിൽ ഖാസി പ്രസംഗം തുടങ്ങിയ ശേഷമാണ് പോലീസ് വിലക്കുമായെത്തിയത്. പള്ളിയിൽനിന്ന് ഇറങ്ങാൻ വിശ്വാസികൾ തയ്യാറായില്ല. മറ്റുചില ദ്വീപുകളിലും കവരത്തിയിലെ അവസ്ഥയായിരുന്നു. ജുമാ നിസ്കാരം പാടില്ലെന്ന് ഭരണകൂടം അറിയിച്ചിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു. ചുമതലയുള്ള ഖാസിമാർക്കും അറിയിപ്പ് നൽകിയിട്ടില്ല. ഗെയിംസ് അടക്കം ദ്വീപിൽ നടക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടിയാൽ മാത്രമേ നിരോധനാജ്ഞ പ്രഖ്യാപിക്കാനാകൂ.
ദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പൂജ്യമാണെന്ന് നിവാസികൾ ചൂണ്ടിക്കാട്ടുന്നു. ജുമാ നിസ്കാരം തടഞ്ഞത് മുൻകൂർ അനുമതി വാങ്ങാതിരുന്നതിനാലാണെന്ന് ലക്ഷദ്വീപ് കളക്ടർ എസ്. അസ്ഗർ അലി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആളുകൾ ഒത്തുചേരണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. രോഗവ്യാപനം തടയാൻ ആൾക്കൂട്ടം ഒഴിവാക്കാനാണ് മുൻഗണന നൽകുന്നത് -അസ്ഗർ അലി പറഞ്ഞു.