കൊൽക്കത്ത : മദർ തെരേസ സ്ഥാപിച്ച സന്ന്യാസസമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചു. ഇതിനുള്ള അനുമതി ക്രിസ്മസ് നാളിൽ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണിപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രജിസ്ട്രേഷൻ പുതുക്കാൻ തീരുമാനിച്ചത്. ചട്ടങ്ങളിൽ ചിലത് പാലിക്കാത്തതിനെത്തുടർന്നാണ് നടപടിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചത് നടുക്കമുണർത്തുന്നതാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികൾക്കും മറ്റുള്ളവർക്കും ഭക്ഷണവും മരുന്നും വാങ്ങാൻ നിർവാഹമില്ലാതായെന്നും അവർ പറയുകയുണ്ടായി.
എന്നാൽ കേന്ദ്ര സർക്കാർ ആരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിറക്കിയിരുന്നു. വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ (എഫ്.സി.ആർ.എ.) ലൈസൻസ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഈ മാസം 25-ന് നിരസിച്ചിട്ടുണ്ട്. 31 വരെ അവർക്ക് സംഭാവന സ്വീകരിക്കാൻ ലൈസൻസുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷനൽകിയിരുന്നതായും അതനുസരിച്ച് നടപടിയെടുത്തിട്ടുണ്ടെന്നും എസ്.ബി.ഐ. അറിയിച്ചതായും മന്ത്രാലയം പത്രക്കുറിപ്പിലറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും എന്നാൽ, വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം റദ്ദാക്കിയതായി അറിയിപ്പുലഭിച്ചിട്ടുണ്ടെന്നും മിഷണറീസ് ഓഫ് ചാരിറ്റിയും പിന്നാലെ പ്രതികരിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതുവരെ വിദേശസംഭാവനാ അക്കൗണ്ടുകൾ മരവിപ്പിക്കാൻ വിവിധശാഖകളോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.