അമേരിക്ക : വ്യാപനശേഷി കൂടിയതാണെങ്കിലും ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള അണുബാധയുടെ തീവ്രത കുറവാണെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് അലംഭാവത്തിന് കാരണമാകരുതെന്ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധനും അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗച്ചി മുന്നറിയിപ്പ് നല്കി.ദക്ഷിണാഫ്രിക്ക, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള പഠനങ്ങളുടെ വെളിച്ചത്തില്‍ ഒമിക്രോണ്‍ തീവ്രത കുറഞ്ഞ വകഭേദമാണെന്ന അനുമാനം ഡോ. ഫൗച്ചി പങ്കുവെയ്ക്കുന്നു. ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളെ അപേക്ഷിച്ച് ആശുപത്രി പ്രവേശനങ്ങളും ഓക്സിജന്‍ ആവശ്യകതയും മരണവും കടുത്ത ലക്ഷണങ്ങളും ഒമിക്രോണിന് കുറവാണ്. ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ക്ഷതമേല്പ്പിക്കുന്നില്ലെന്ന് എലികളില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.
എന്നാല്‍ ഒമിക്രോണിന്റെ രോഗതീവ്രതയെ കുറിച്ച് വിവിധ രാജ്യങ്ങളിലെ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള കൂടുതല്‍ ആധികാരികമായ വിലയിരുത്തല്‍ ആവശ്യമാണെന്ന് ഡോ. ഫൗച്ചി പറഞ്ഞു. തീവ്രത കുറവാണെങ്കിലും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് ആരോഗ്യ സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണിനെതിരെയുള്ള വാക്സീന് സംരക്ഷണം സുശക്തമാക്കുമെന്നും ഡോ. ഫൗച്ചി അഭിപ്രായപ്പെട്ടു. ഡെല്‍റ്റയെ അപേക്ഷിച്ച് കുട്ടികളിലും തീവ്രത കുറവാണെങ്കിലും കൂടുതല്‍ കുട്ടികളെയും വാക്സീന് എടുക്കാത്ത ജനവിഭാഗങ്ങളെയും ആശുപത്രിയിലാക്കാന്‍ ഒമിക്രോണിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്തു.