ഭുവനേശ്വർ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവിനെയും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ, മറ്റൊരു പുട്ടിന്‍ വിമർശകനെ കാണാതായി. യുക്രെയ്ൻ യുദ്ധവിരുദ്ധ പ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾക്കായി ഒഡീഷ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഒരു മാസം മുൻപ്, ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ, ‘‘ഞാൻ റഷ്യൻ അഭയാർഥിയാണ്. ഞാൻ യുദ്ധത്തിന് എതിരാണ്. ഞാൻ പുട്ടിന് എതിരാണ്. ഞാൻ ഭവനരഹിതനാണ്. ദയവായി എന്നെ സഹായിക്കൂ’’ എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് ഇയാൾ നിൽക്കുന്നത് കണ്ടിരുന്നു. ആന്റോവിന്റെയും ബിഡെനോവിന്റെയും മരണത്തിനു പിന്നാലെ, പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന ഇയാളുടെ ചിത്രം വൈറലായിരുന്നു.
ചില യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇയാളുടെ അടുത്തെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. പാസ്‌പോർട്ടും വീസയും പരിശോധിച്ച് ഇവ ശരിയാണെന്ന് കണ്ടെത്തി. ഇയാൾക്ക് ഇംഗ്ലിഷ് പരിചയമില്ലാത്തതിനാൽ അന്ന് കൂടുതൽ വിവരങ്ങൾ ചോദിക്കാനായില്ലെന്ന് ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻചാർജ് ജയദേവ് ബിശ്വജിത്ത് പറഞ്ഞു.
ശതകോടീശ്വരനും വ്ലാഡിമിർ മേഖലയിലെ നിയമസഭയുടെ ഡെപ്യൂട്ടിയും ആയിരുന്ന ആന്റോവും സുഹൃത്തും ഒഡീഷയിലെ റായഗഡയിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ബിഡെനോവിനെ ഡിസംബർ 22ന് മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ ഡിസംബർ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണു മരിച്ച നിലയിലുമാണു കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ഇവരുടെ മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നുണ്ട്.