ബംഗളൂരു: സംഘമായി യാത്ര ചെയ്യുന്നവർക്ക് ജനുവരി ഒന്നുമുതൽ ‘നമ്മ മെട്രോ’യിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. 25 മുതൽ 99 ആളുകൾ വരെ ഒന്നിച്ച് ടിക്കറ്റ് എടുക്കുമ്പോൾ രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള യാത്രക്ക് പത്ത് ശതമാനം ഇളവാണ് ലഭിക്കുക. 100 മുതൽ ആയിരം വരെ യാത്രക്കാരുടെ സംഘത്തിന് 15 ശതമാനം നിരക്കിളവാണ് ലഭിക്കുക. എന്നാൽ, ഇവർ ഒരു സ്റ്റേഷനിൽനിന്നു തന്നെ ഒരുമിച്ച് കയറുകയും ഒരു സ്റ്റേഷനിൽ തന്നെ ഇറങ്ങുകയും വേണം.
എന്നാൽ യാത്രാസംഘം വ്യത്യസ്ത സ്റ്റേഷനിൽ നിന്ന് കയറുകയോ ഒരു സ്റ്റേഷനിൽ ഇറങ്ങുകയോ അല്ലെങ്കിൽ ഒരു സ്റ്റേഷനിൽനിന്ന് കയറുകയോ വ്യത്യസ്ത സ്റ്റേഷനിൽ ഇറങ്ങുകയോ ചെയ്താൽ 35 രൂപയുടെ ഇളവാണ് ലഭിക്കുക.ആയിരത്തിലധികം യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് എടുക്കുമ്പോൾ 20 ശതമാനം നിരക്കിളവ് കിട്ടും. ഇവർ ഒരു സ്റ്റേഷനിൽനിന്നുതന്നെ കയറുകയും ഒരു സ്റ്റേഷനിൽതന്നെ ഇറങ്ങുകയും വേണം.
എന്നാൽ, യാത്രാസംഘം വ്യത്യസ്ത സ്റ്റേഷനിൽനിന്ന് കയറുകയോ ഒരു സ്റ്റേഷനിൽ ഇറങ്ങുകയോ അല്ലെങ്കിൽ ഒരു സ്റ്റേഷനിൽ നിന്ന് കയറുകയോ വ്യത്യസ്ത സ്റ്റേഷനിൽ ഇറങ്ങുകയോ ചെയ്താൽ 30 രൂപയുടെ ഇളവാണ് ലഭിക്കുക. ഇത്തരത്തിൽ സംഘമായി യാത്ര നടത്താൻ ആഗ്രഹിക്കുന്നവർ യാത്രക്ക് ഏഴുദിവസം മുമ്പ് ബി.എം.ആർ.സി.എല്ലിന് അപേക്ഷ നൽകണം.
യാത്രാദിവസം, സമയം, യാത്രക്കാരുടെ എണ്ണം, ഇറങ്ങുന്നതും കയറുന്നതുമായ സ്റ്റേഷന്‍റെ വിവരങ്ങൾ, യാത്രയുടെ ഉദ്ദേശ്യം എന്നിവ ഇതിൽ രേഖപ്പെടുത്തണം. മെട്രോയുടെ പുതിയ തീരുമാനം സ്കൂൾ, കോളജ് വിദ്യാർഥികളുടെ സംഘം, സംഘമായി എത്തുന്ന വിനോദ സഞ്ചാരികൾ, വിവിധ പരിപാടികൾക്കായി ഒരുമിച്ച് യാത്ര നടത്തുന്നവർ തുടങ്ങിയവർക്ക് ഏറെ ഗുണകരമാകും.