ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ ടിഡിപി റാലിയിൽ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം. നാല് ദിവസത്തിനിടെ ടിഡിപി റാലിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. നായിഡു വേദി വിട്ടതിന് പിന്നാലെയായിരുന്നു തിക്കും തിരക്കുമുണ്ടായത്. ഗുണ്ടൂരിൽ തെലുങ്ക് ദേശം പാർട്ടി സംക്രാന്തി കാനുക എന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ റേഷൻ കിറ്റ് വിതരണ പരിപാടിയിലാണ് ജനക്കൂട്ടം തിക്കിതിരക്കിയത്. കഴിഞ്ഞാഴ്ച നെല്ലൂരിലെ യോഗത്തിനിടെ സമാനമായ രീതിയിലുണ്ടായ തിക്കിലും തിരക്കിലും 8 പേർ മരിച്ചിരുന്നു.