കുളത്തുപ്പുഴ: കൊല്ലം കുളത്തുപ്പുഴയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അഞ്ചു പേരെ കുളത്തുപ്പുഴ ആശുപത്രിയിലും, സാരമായി പരിക്കേറ്റ രണ്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ കുളത്തുപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു തെരുവ് നായയുടെ ആക്രമണം. രണ്ട് ദിവസം മുന്‍പ് കൊല്ലം മയ്യനാട് ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു.
പുല്ലിച്ചിറ സ്വദേശികളായ രാജേഷ് – ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായകൾ ആക്രമിച്ചത്. സാരമായ പരുക്കുകളോടെ ഒന്നര വയസുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അർണവിനെ തെരുവ് നായ്ക്കൂട്ടം വീട്ടുമുറ്റത്തിട്ട് ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിച്ചു.
സംഭവ സമയത്ത് ഒന്നരവയസുകാരന്റെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. നിലവിളികേട്ട നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചു ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ തലക്കും മുഖത്തുമടക്കം 20 പരിക്കുകളുണ്ട്. പ്രദേശത്ത് അറവ് മാലിന്യം തള്ളുന്നത് കൊണ്ട് നേരത്തെ മുതൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ തെരുവുനായയുടെ കടിയേറ്റ് എത്തുന്നവര്‍ക്ക് ആശ്രയമായ കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്കാണ് നായയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായില്ലെന്ന് ആരോപണം രൂക്ഷമാണ്.