ദില്ലി: മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്ന് സുപ്രീം കോടതി . നിലവിലുള്ള ഭരണഘടനപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു. ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി.വി നാഗരത്‌ന പ്രത്യേക വിധിയെഴുതി. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പാർലമെന്‍റ് നിയമനിർമ്മാണം നടത്തണമെന്ന് വ്യക്തമാക്കി.
മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താമോ എന്നവിഷയത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിപറഞ്ഞത്. മന്ത്രിസ്ഥാനത്തിരിക്കേ എം.എം. മണി, യു.പി.യിലെ അസംഖാന്‍ എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരായ പരാതികളിലേതുള്‍പ്പെടെ വിശാലമായ നിയമപ്രശ്‌നത്തിലാണ് സുപ്രീം കോടതി തീർപ്പ് കൽപിച്ചത് .ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനബെഞ്ചിന്‍റെ വിധിയില്‍ പറയുന്നത് ഇങ്ങനെ.
ഭരണഘടനയുടെ അനുഛേദം 19 (2) ല്‍ പറയുന്ന നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്ത് അധിക നിയന്ത്രണം ഒരു പൗരന് മേലും ഏര്‍പ്പെടുത്തരുത്. ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ ആകെ അഭിപ്രായമായി പരിഗണിക്കാനാകില്ല.മന്ത്രിയുടെ പ്രസ്താവനയുടെ ഉത്തരവാദിത്തം മന്ത്രിക്ക് മാത്രമാണ്. പൗരന്‍റെ അവകാശം ലംഘിക്കുന്ന രീതിയുലുള്ള മന്ത്രിയുടേയോ ജനപ്രതിനിധികളുടെയേ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ല. അവകാശ ലംഘനത്തില്‍ നിയമപരമായ നടപടിയെടുത്തില്ലെങ്കില്‍ അത് ഭരണഘടന ലംഘനമാണ്
ഹർജികളിൽ പ്രത്യേക വിധി എഴുതിയ ജസ്റ്റീസ് ബി വി നാഗരത്ന വിദ്വേഷ പ്രസംഗങ്ങള്‍ തുല്യത, സ്വതന്ത്ര്യം, സാഹോദര്യം എന്നീ അടിസ്മൂഥാന മൂല്യങ്ങളെ തകര്‍ക്കുന്നതെന്ന് നിരീക്ഷിച്ചു. ഇന്ത്യ പോലെയുള്ള രാജ്യത്തിന് ചേർന്നതല്ലിത്. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പാർലമെന്‍റ് ശക്തമായ നിയമനിർമ്മാണം കൊണ്ടുവരണം.മന്ത്രിമാർ നടത്തുന്ന ഇത്തരം പ്രസ്താവനകൾ സർക്കാർ തള്ളി പറഞ്ഞില്ലെങ്കിൽ അത് സർക്കാർ നിലപാടായി കണക്കാക്കി നടപടി സ്വീകരിക്കണമെന്നും പ്രത്യേകവിധിയിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്കായി പെരുമാറ്റച്ചട്ടം കൊണ്ടുവരണം.വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പൌരന്മാർക്ക് കോടതിയെ നേരിട്ട് സമീപിക്കാമെന്നും ജ നാഗരത്ന വിധിയിൽ വ്യക്തമാക്കുന്നു.