കണ്ണൂർ: തെറ്റായ പുസ്‌തകങ്ങൾ ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊ. കെ സച്ചിദാനന്ദൻ. ഭരണഘടന പോലുള്ള ശരിയായ പുസ്‌തകങ്ങൾ അവഗണിക്കുന്നവരാണ് രാജ്യത്തെ ഭരണാധികാരികൾ. ഹിന്ദുത്വ വർഗീയതയും ഫാസിസസും ഏകാധിപത്യവും മനുഷ്യനെ ചിന്തിപ്പിക്കുകയും ജനാധിപത്യ ബോധവുമുള്ളരാക്കുകയും ചെയ്യുന്ന പുസ്‌തകങ്ങളെ ഭയക്കുന്നു. ഇന്ത്യയുടെ മുഴുവൻ വൈവിധ്യവും നശിപ്പിക്കുന്ന കാലമാണിത്. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ ‘സംസ്‌കാരം,സാഹിത്യം, ലൈബ്രറികൾ’ സെഷനിൽ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ.
ജനാധിപത്യത്തിൽ താഴെതട്ടിൽ നിന്നൊടുക്കന്ന തീരുമാനങ്ങളാണ് നടപ്പാകേണ്ടത്. ജനങ്ങളാണ് പരാമാധികാരികൾ. ജനങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന മധ്യവർത്തികൾ മാത്രമാണ് ഭരണാധികാരികൾ. എന്നാൽ നമ്മുടെ രാജ്യത്ത് മുകളിൽ നിന്നുള്ള തീരുമാനങ്ങൾ ജനങ്ങളിൽ അടിച്ചേൽപിക്കുകയാണ്. ഭരണം കേന്ദ്രീകൃതമാവുന്നു. അങ്ങനെയുള്ളൊരു രാജ്യത്ത് പുസ്‌തകങ്ങളും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ചിന്തയും എതിർക്കപ്പെടുകയും അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും.
ജീവിതത്തിലെ വർധിച്ചുവരുന്ന വേഗത്തിൽ ആദ്യം നമ്മുക്ക് നഷ്‌ടപ്പെടുന്നത് വായനയാണ്. വായനയുടെ താളവും ക്ഷമയും ഇല്ലാതാവുന്നു. വലിയ പുസ്‌തകങ്ങൾ വായിക്കാൻ ഭയമാണ്. വേഗ പ്രവാഹത്തിൽ ഒഴിവ് സമയം നഷ്‌ടമായി. ഒഴിവ് സമയമാണ് സംസ്‌കാരത്തിന്റെ ഉറവിടം. കരിയറിസത്തിന്റെ ഭാഗമായുള്ള വായനക്കാണ് മുൻഗണന. അടുത്ത പ്രമോഷനോ, കൂടുതൽ നല്ല ജോലിക്കോ വേണ്ടിയുള്ളതായി വായന. കരിയറിസം മുതലാളിത്ത പ്രവണതയാണ്. ഇത് വായനയെ തിരുൽസാഹപ്പെടുത്തും.
മത മൗലികവാദികൾ ഒരു പുസ്‌തകം വായിച്ചാൽ മതിയെന്നാണ് നിഷ്‌കർഷിക്കുന്നത്. ഇതിൽ എല്ലാ അറിവുകളുമുണ്ടെന്നതാണ് അവരുടെ വാദം. അതിനാൽ ഇവർക്ക് ലൈബ്രറികളും അലമാരകളും വേണ്ട. മതമൗലിക വാദികളും പുസ്‌തകത്തെയും വായനയെയും അംഗീകരിക്കാറില്ല. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിംസ ആഗോളീകരണമാണ്. നമ്മുടെ പ്രദേശീക സംസ്‌കാരത്തെയും ഭാഷയെയും സാഹിത്യത്തെയും ആഗോളീകരണം ഇല്ലാതാക്കി.പടിഞ്ഞറാണ് ശരിയെന്നാണ് ആഗോളീകരണം പഠിപ്പിക്കുന്നതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.