കോഴിക്കോട്: സ്‌കൂൾ കലോത്സവത്തിൽ സ്വാഗത ഗാനം ദൃശ്യവൽക്കരിച്ചപ്പോൾ മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. സംഭവം പരിശോധിക്കാമെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്തത്. എന്നാൽ ഇത് അങ്ങനെ തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ല.
സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌കാരത്തിൽ തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്ന് വ്യക്തമാണ്. ഇസ്ലാമോഫോബിയയുടെ നേർചിത്രമാണിത്. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും -അദ്ദേഹം പറഞ്ഞു.
മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണം. ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ല. സർക്കാരിനും സംഘാടകർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ല. ബന്ധപ്പെട്ടവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.