കൽപറ്റ: സുല്‍ത്താന്‍ ബത്തേരി നഗരത്തിൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ആന എത്തിയത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം സെക്ഷനില്‍പ്പെട്ട പഴുപ്പത്തൂര്‍ ഭാഗത്തുനിന്നാണ് ആന നഗരത്തിൽ എത്തിയതെന്നാണ് നിഗമനം.
നഗരസഭ ഓഫിസ് പരിസരത്ത് തലങ്ങും വിലങ്ങും നടന്ന ആന പരിഭ്രാന്തി പരത്തി. റോഡരികിലൂടെ നടന്നുപോകുന്ന പള്ളിക്കണ്ടി സ്വദേശി തമ്പിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു. നിസാര പരിക്കേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വന വകുപ്പ് ജീവനക്കാരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ആനയെ തുരത്തിയത്. തമിഴ്നാട് വനസേന കോളര്‍ ഐ.ഡി ഘടിപ്പിച്ച മോഴയാനയാണ് നഗരത്തില്‍ എത്തിയതെന്നു സ്ഥിരീകരിച്ചു. പ്രശ്നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോളര്‍ ഐ.ഡി ഘടിപ്പിക്കുന്നത്.