തൃശൂർ: കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമെന്ന് കെ.കെ. രമ എം.എൽ.എ. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജില്ലയിലെ സമരസമിതി രൂപവത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ വ്യാമോഹം ഇടതുപക്ഷ ലേബൽ ഒട്ടിച്ച സർക്കാറിന് ഒട്ടും ചേർന്നതല്ല. കർഷക സമരം നടത്തുന്നവരെ സിഖ് തീവ്രവാദികൾ എന്ന് വിളിച്ച മോദിയുടെ തന്ത്രം തന്നെയാണ് ഇവിടെ പിണറായിയും പയറ്റുന്നത്. പൗരന്മാർക്കാണ് കാര്യങ്ങൾ അറിയേണ്ടത് , പൗരപ്രമുഖർക്കല്ല. പൗരപ്രമുഖരോട് കാര്യങ്ങൾ വിശദീകരിച്ച് നടക്കുകയാണ് മുഖ്യമന്ത്രി. ഇടതുപക്ഷ സർക്കാറിന് എങ്ങനെയാണ് പൗരരിൽ ചിലർ പ്രമുഖരാവുന്നത് ? നഷ്ടപരിഹാരത്തിന്റെ കണക്കാണ് പിണറായി വിജയൻ പറയുന്നത്. ആരാണ് അദ്ദേഹത്തോട് നഷ്ടപരിഹാരം ചോദിച്ചത്. നഷ്ടപരിഹാര പാക്കേജുകൾക്കുള്ള പണം എവിടെ നിന്നാണ് ? അത് കമീഷനിൽ നിന്നല്ല, നികുതിപ്പണത്തിൽ നിന്നാണ് – കെ.കെ. രമ പറഞ്ഞു.