അടിമാലി ∙ വഴിയിൽ കിടന്നു കിട്ടിയതെന്നു പറഞ്ഞ് യുവാവ് കൊടുത്ത മദ്യം കുടിച്ച് നാൽപതുകാരൻ മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, യുവാവ് വാങ്ങി വിഷം ചേർത്തു നൽകിയതാണെന്ന് പൊലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. സുധീഷിന്റെ അമ്മാവനാണ് കുഞ്ഞുമോൻ. മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.കുഞ്ഞുമോന്റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്താനായിരുന്നു സുധീഷ് ലക്ഷ്യമിട്ടിരുന്നത്. മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് വാങ്ങി അടപ്പിൽ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. തുടർന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.
എന്നാൽ കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് പദ്ധതി പാളിയത്. ഛർദ്ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മദ്യക്കുപ്പിയില്‍ സിറിഞ്ച് കുത്തിയതിന്‍റെ അടയാളമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോന്‍റെ സഹോദരന്‍ വിന്‍സന്‍റാണ് ആദ്യം സംശയം ഉന്നയിച്ചത്.