കോഴിക്കോട്: കോഴിക്കോട് ബീച്ച് തീരദേശ റോഡിൽ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി വില്ലേജിൽ പള്ളിക്കണ്ടി ദേശത്ത് അഷ്റഫ് എന്നയാളെയാണ് 163.580 ഗ്രാം എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഉത്തര മേഖല കമ്മീഷണര്‍ സ്ക്വാഡിന്റെ തലവനും കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുമായ സി ശരത് ബാബുവും സംഘവും കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി അംശം പള്ളിക്കണ്ടി ദേശത്ത് പരിശോധന നടത്തുകയായിരുന്നു.
ഉത്തര മേഖല എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ , ഷിജുമോൻ ടി, പ്രിവന്റീവ് ഓഫീസർമാരായ ഷിബു ശങ്കർ കെ , പ്രദീപ് കുമാർ കെ , സി ഇ ഒ മാരായ നിതിൻ സി, അഖിൽ ദാസ് ഇ. കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിലെ സിഇഒമാരായ ജലാലുദീൻ, മുഹമ്മദ് അബ്ദുൾ റൗഫ്, അഖിൽ എ എം, സതീഷ് പീ കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ എംഡിഎംഎ മൊത്തമായി ബംഗളൂരുവില്‍ നിന്ന് വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് അറിയിച്ചു. എംഡിഎംഎയുടെ ഉറവിടത്തെപ്പറ്റി വ്യക്തമായ സൂചനകൾ ലഭിച്ചതായും വിശദമായി അന്വേഷണം നടത്തിവരുകയാണെന്നും എക്സൈസ് അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പൊലീസ് പിടിയിലായിരുന്നു. കണ്ടന്തറ ചിറയിലാൻ വീട്ടിൽ ഷിബു (39), മുടിക്കൽ പണിക്കരുകുടി വീട്ടിൽ സനൂബ് (38), ചെങ്ങൽ പാറേലിൽ ഷബീർ (42) എന്നിവരെയാണ് കാഞ്ഞിരക്കാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇവരിൽ നിന്ന് 6.95 ഗ്രാം എം ഡി എം എ പൊലീസ് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്താനുപയോഗിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം വട്ടം വച്ച് തടഞ്ഞാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് സംഘം രാസലഹരി കൊണ്ടുവന്നത് എന്ന് പൊലീസ് പറഞ്ഞു. പത്ത് ചെറിയ പായ്ക്കറ്റുകളിലും, ഒരു ടിന്നിലുമായി വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സംഘം കടത്തിയത്.