സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ലഹരിമരുന്ന് വേട്ട. ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനില്‍ നിന്നും പത്ത് ലക്ഷം രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും കര്‍ണാടക കുടക് സ്വദേശിയായി യുവാവില്‍ നിന്നും ചരസും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
എം.ഡി.എം.എ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഇത്തംപറമ്പ് വീട്ടില്‍ കെ.പി മിറാഷ് മാലിക് (22) നെ അറസ്റ്റ് ചെയ്തു. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 118.80 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലഹരി മരുന്ന് മാഫിയ യുവാക്കളെ ലഹരിക്ക് അടിമപ്പെടുത്തിയ ശേഷം മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിന്നീട് ഇവരെ ലഹരി കടത്തിന് ഉപയോഗിച്ചു വരുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇത്തരത്തില്‍ പെട്ടുപോയ ആളാണ് പ്രതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ എക്‌സൈസിന് ബോധ്യമായിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എതാനും പേരെ കുറിച്ച് വ്യക്തമായ സുചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് എക്‌സൈസ്. പ്രധാനമായും ബംഗളൂരു കേന്ദ്രികരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നത്.
കേസ് അനേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ഉമ്മര്‍, സി.വി. ഹരിദാസ്, സിവില്‍ എക്സൈസ് ഓഫീസമാരായ മാനുവല്‍ ജിന്‍സണ്‍, കെ.എം. അഖില്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ തുടര്‍ നടപടികള്‍ക്കായ് സുല്‍ത്താന്‍ബത്തേരി റേഞ്ച് ഓഫീസിലേക്ക് കൈമാറി. മറ്റൊരു സംഭവത്തില്‍ ചരസ് കൈവശം വെച്ച കുറ്റത്തിന് കര്‍ണാടക കുടക് സ്വദേശിയായ അഹമ്മദ് ബിലാല്‍ (24) എന്ന യുവാവിനെയും മുത്തങ്ങ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ പക്കല്‍ നിന്നും അഞ്ച് ഗ്രാം ചരസ് കണ്ടെടുത്തു.