പ്രണയത്തിൽ നിന്നും പിന്മാറിയാലോ വിവാഹാഭ്യർത്ഥന നിരസിച്ചാലോ ഒക്കെ സ്ത്രീകളെ ആക്രമിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടി വരികയാണ്. അടുത്തിടെ കേരളത്തിൽ തന്നെ നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. ഇപ്പോഴിതാ, വിസ്കോൺസിനിൽ വെറും പതിനാല് വയസുള്ള ഒരു ആൺകുട്ടി തന്റെ കാമുകിയായിരുന്ന പെൺകുട്ടിയെ വെടിവച്ചിരിക്കുകയാണ്. പ്രണയത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതിനാണ് ഈ ക്രൂരത ആൺകുട്ടി കാണിച്ചത്.
മൂന്ന് തവണയാണ് പെൺകുട്ടിയുടെ തലയിലേക്ക് പതിനാലുകാരൻ നിറയൊഴിച്ചത്. ജാസ്‌ലിൻ ജോൺസ് എന്ന 14 -കാരിക്കാണ് വെടിയേറ്റത്. പെൺകുട്ടി രക്ഷപ്പെടും എന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. റേസിനിലുള്ള എലിയ ഓൾസൺ എന്ന പതിനാലുകാരനാണ് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്. ഓൾസണെ മുതിർന്നവനായി കണ്ടാണ് വിചാരണ നടക്കുക. കൊലപാതകശ്രമത്തിനും ആയുധം കയ്യിൽ വച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ അടുത്ത 60 വർഷം പതിനാലുകാരൻ ജയിലിൽ കഴിയേണ്ടി വരും. ഞായറാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും റെയിൽവേ ട്രാക്കിനരികിലൂടെ നടക്കുകയായിരുന്നു. ആ സമയത്താണ് പെൺകുട്ടി ഓൾസണോട് താൻ ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത്.
ഉടനെ തന്നെ അവൻ പെൺകുട്ടിയോട് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ആ ഫോൺ വലിച്ചെറിഞ്ഞ ശേഷം കയ്യിൽ നിന്നും തോക്കെടുത്ത് അവളുടെ തലയ്ക്ക് നേരെ ചൂണ്ടുകയായിരുന്നു. തന്റെ ജീവനു വേണ്ടി അവൾ ഓൾസണോട് യാചിച്ചു. എന്നാൽ, അവനത് ഒന്നും തന്നെ കേട്ടില്ല. നീ മരിക്കണം എന്ന് അക്രോശിച്ച് കൊണ്ട് അവൻ പെൺകുട്ടിക്ക് നേരെ വെടിയുതിർത്തു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മൂന്ന് തവണ അവൾക്ക് വെടിയേറ്റു.
പരിക്കുകൾ കാര്യമാക്കാതെ അവൾ ഓടി. ബൈക്കിൽ വന്ന ഒരാളോട് സഹായം അഭ്യർത്ഥിച്ചു. ഉടനെ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് വെടിയേറ്റ മൂന്ന് പരിക്കുകൾ ഉണ്ടായിരുന്നു. അവൾ ജീവനോടെ ബാക്കിയായത് തന്നെ ഒരു അത്ഭുതമായിരുന്നു. ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തെ കുറിച്ച് വീട്ടുകാർ അവളുടെ ചികിത്സക്ക് പണം കണ്ടെത്താനായി ആരംഭിച്ച് ഗോഫണ്ട് മീ പേജിൽ വിവരിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ അതിജീവിക്കുന്നു എന്നും അവർ പറഞ്ഞു.
ആൺകുട്ടിയെ പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തോക്കും രക്തം പുരണ്ട വസ്ത്രങ്ങളും ഷൂവും ഇവിടെ നിന്നും കണ്ടെടുത്തു.












