ഹൈദരാബാദ് : മുൻകാലനടനും നിർമാതാവുമായ രമേഷ് ബാബു (56) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിർമാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മുത്ത മകനാണ്. തെലുങ്ക് നടൻ മഹേഷ് ബാബു സഹോദരനാണ്. 1974 ൽ അല്ലൂരി സീതാരാമരാജു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലെത്തിയത്. 1987 ൽ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 1997 ൽ പുറത്തിറങ്ങിയ എൻകൗണ്ടറിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിർമാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അർജുൻ, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിർമിച്ച ചിത്രങ്ങൾ. മൃദുലയാണ് രമേഷ് ബാബുവിന്റെ ഭാര്യ.