മട്ടാഞ്ചേരി : മട്ടാഞ്ചേരിയുടെ ഇഷ്ടക്കാരിയായി മാറിയ മയിലിന് നാലുകുഞ്ഞുങ്ങൾ പിറന്നു. ഒരു വർഷത്തിലേറെയായി മട്ടാഞ്ചേരിയിൽ കഴിയുന്ന മയിലാണിത്. പഴയ ഗോഡൗണുകളിലും ബസാറിലും ബസ് സ്റ്റാൻഡിലും ജൂതത്തെരുവിലുമൊക്കെയാണ് ഇതിനെ കാണുക.ബസാറിലെ ഗോഡൗണുകളിൽ നിന്നാണ് ഇത് ഭക്ഷണം ശേഖരിച്ചിരുന്നത്.
ജീവമാതാ പള്ളിക്ക് എതിർവശത്തുള്ള ചുക്കുകളത്തിനുസമീപം ശനിയാഴ്ചയാണ് മയിലിനൊപ്പം നാലുകുഞ്ഞുങ്ങളെ കണ്ടത്. പുരാതന കെട്ടിടത്തിനോടുചേർന്നാണ് ചുക്കുകളം. ചുക്ക് ഉണക്കാനിടുന്ന സ്ഥലമാണിത്. കുറച്ചുദിവസമായി കെട്ടിടത്തിനടുത്തുതന്നെ മയിലുണ്ടായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. ശനിയാഴ്ച കുഞ്ഞുമയിലുകളെ കണ്ടതോടെ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തകനായ മുകേഷ് ജെയിനെ വിവരം അറിയിച്ചു. മുകേഷ് എത്തി മയിൽക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി.