പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പാലക്കാട് ടസ്കർ ഏഴാമാനേ പിടിക്കാൻ ദൗത്യസംഘം നാളെ പുലർച്ചെ തന്നെ ഇറങ്ങും. സാഹചര്യം ഒത്താൽ നാളെ തന്നെ വെടിവയ്ക്കും. അഞ്ച് സംഘങ്ങൾ ആയുള്ള ദൗത്യത്തിന്റെ അന്തിമ രൂപ രേഖ തയ്യാറാക്കി.
വയനാട്ടിൽ നിന്നുള്ള 26 അംഗ ദൗത്യസംഘം ധോണി ക്യാമ്പിൽ എത്തി. മൂന്നാമത്തെ കുങ്കിയാന സുരേന്ദ്രനെ പുലർച്ചെയോടെയാണ് ധോണിയിൽ എത്തിച്ചത്. ഇതുവരെയുള്ള ഒരുക്കങ്ങൾ അവലോകന യോഗത്തിൽ വിലയിരുത്തി. മയക്കുവെടി വയ്ക്കാനുള്ള ആയുധങ്ങളുടെ കാര്യക്ഷത ഉറപ്പാക്കൽ ഇന്ന് പൂർത്തിയാക്കും. അഞ്ച് ഗ്രൂപ്പുകൾ ആയാണ് അന്തിമ ദൗത്യം തുടങ്ങുക.
വയനാട്ടിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമെ 50 വനംവകുപ്പ് ജീവനക്കാരെ കൂടി ദൗത്യത്തിനായി ഒരുക്കിയിട്ടുണ്ട്. നാളേക്ക് മുമ്പ്, ഒരു ട്രയൽ നടത്തും. ആനയെ മയക്കുവെടി വച്ചാൽ കൊടിലെത്തിക്കാനുള്ള വഴി ഒരുക്കലും നാളേക്ക് മുമ്പ് പൂർത്തിയാക്കും. കഴിഞ്ഞ രണ്ട് ദിവസമായി പി ടി 7 ജനവാസ മേഖലയിൽ ഇറങ്ങാതെയും, ഉൾക്കാട്ടിലേക്ക് പോകാതെയും വനംവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം പിടി സെവനെ കൂടു കയറ്റം എന്നാണ് പ്രതീക്ഷ.