തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറും സർക്കാറും തമ്മിലെ തർക്കങ്ങളും അനുനയവും, പൊലീസ്-ഗുണ്ടാ ബന്ധവുമെല്ലാം ഇനി സഭയിൽ വലിയ ചർച്ചയാകും. ഗവർണറോടുള്ള യുദ്ധ പ്രഖ്യാപനമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാൻ വരെ ആലോചിച്ച സർക്കാർ. മന്ത്രി സജി ചെറിയാൻറെ സത്യപ്രതിജ്ഞയിൽ സർക്കാറിനെ വെള്ളം കുടിപ്പിച്ച ഗവർണർ. എന്തും സംഭവിക്കാവുന്ന സ്ഥിതിയിൽ നിന്ന് പെട്ടെന്നുള്ള അനുനയമാണ് സഭാ സമ്മേളനത്തിലെത്തി നിൽക്കുന്നത്. സജിയുടെ സത്യപ്രതിജ്ഞക്ക് ഗവർണറുടെ പച്ചക്കൊടി ലഭിച്ചതോടെ വിവാദം അലിഞ്ഞുതുടങ്ങിയതാണ് നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ വർഷത്തിലെ സമ്മളനം തുടങ്ങാൻ സാഹചര്യമായത്.
അനുനയ അന്തരീക്ഷത്തിലും ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമനത്തിനുള്ള ശ്രമം സർക്കാർ തുടങ്ങി. ചാൻസ്ലർ ബില്ലിലും സർവ്വകലാശാല നിയമഭേദഗതി ബില്ലിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടുമില്ല. കൊണ്ടും കൊടുത്തും അനുനയത്തിലെത്തിയുമുള്ള ഗവർണർ-സർക്കാർ ബന്ധം സഭയിൽ സജീവചർച്ചയാകും.
എന്നാൽ തർക്കമില്ല, വെറും അഡ്ജസ്റ്റ്മെൻറാണ് നടക്കുന്നതെന്ന വാദം കൂടുതൽ ശക്തമായി പ്രതിപക്ഷം സഭയിലുയർത്തും. സർക്കാറിനെതിരായ പ്രതിപക്ഷത്തിൻറെ പ്രധാന തുറുപ്പുശീട്ട് പൊലീസ്- ഗുണ്ടാ ബന്ധമാണ്. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ പോലും ഗുണ്ടകൾ കിണറ്റിലിട്ടതടക്കം പ്രതിപക്ഷം ആയുധമാക്കും. എന്നാൽ ക്രിമിനൽ പൊലീസുകാർക്കെതിരായ നടപടി പട്ടികയിലൂന്നിയാകും ഭരണപക്ഷത്തിൻറെ പ്രതിരോധം.
മൂന്നിനാണ് ബജറ്റ് പ്രസംഗം. ഗുരുതരസാമ്പത്തിക പ്രതിസന്ധിയും കെവി തോമസിനുള്ള കാബിനറ്റ് പദവിയടക്കമുള്ള അനാവശ്യചെലവുകളും സർക്കാറിനെ വെട്ടിലാക്കാനുള്ള പ്രതിപക്ഷത്തിൻറെ അടുത്ത പ്രധാനവിഷയം. കെപിസിസി ട്രഷററുടെ മരണവും ബന്ധുക്കളുടെ പരാതിയും ഭരണപക്ഷത്തിൻറെ വീണുകിട്ടിയ വിഷയമാണ്. പ്രതിപക്ഷനിരയിലെ തീരാത്ത തർക്കങ്ങൾ പരമാവധി ട്രഷറി ബെഞ്ച് മുതലാക്കും. ലീഗിനെ നോട്ടമിടുന്ന സിപിഎം കോൺഗ്രസ്സിനെ കുത്തിയുള്ള ലീഗ് പുകഴ്ത്തലിന് ഈ സഭസമ്മേളനവും വേദിയാക്കും.