ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പോടെ തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ ഉരുത്തിരിയാൻ സാധ്യത .സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി അണ്ണാ ഡിഎംകെയിലെ ചേരിപ്പോര് തുടരുകയാണ്. അണ്ണാ ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ബിജെപി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചേക്കും. അതേസമയം കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് അവർക്ക് തന്നെ നൽകാനാണ് ഡിഎംകെ സഖ്യത്തിന്‍റെ തീരുമാനം.
സിറ്റിംഗ് എംഎൽഎയായ ഇ.തിരുമകൻ ഇവേരയുടെ അകാല നിര്യാണത്തെ തുടർന്നാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണയും സീറ്റ് കോൺഗ്രസിന് തന്നെ നൽകാനാണ് ഡിഎംകെ സഖ്യത്തിന്‍റെ തീരുമാനം. ടിഎൻസിസി മുൻ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ ഇവികെഎസ് ഇളങ്കോവനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇളങ്കോവന്‍റെ മണ്ഡലത്തിലെ സ്വാധീനവും തിരുമകന്‍റെ അച്ഛനെന്ന നിലയിലെ സഹതാപവും തുണയാകുമെന്നാണ് അവരുടെ പ്രതീക്ഷ.
അതേസമയം അണ്ണാ ഡിഎംകെയിൽ മുൻ മുഖ്യമന്ത്രിമാരായ ഇ.പളനിസ്വാമിയും ഒ.പനീർശെൽവവും തമ്മിലുള്ള തർക്കം വീണ്ടും മൂർച്ഛിച്ചു. തമിഴ് മാനിലാ കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാൻ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം തീരുമാനിച്ചിരുന്നു. പിന്നാലെ ഈറോഡിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് വിമത നേതാവ് പനീർശെൽവവും പ്രഖ്യാപിച്ചു.രണ്ട് പക്ഷവും സ്ഥാനാർത്ഥികളെ നിർത്തിയാൽ അണികൾക്ക് വൈകാരിക ബന്ധമുള്ള രണ്ടില ചിഹ്നം ആർക്കും കിട്ടാതെയാകും.
ഇതിനിടെ ബിജെപി അണ്ണാ ഡിഎംകെ സഖ്യം വിട്ട് സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ആലോചന തുടങ്ങി. ഒറ്റക്ക് മത്സരിച്ചാൽ ബിജെപിയെ പിന്തുണയ്ക്കും എന്നാണ് പനീർശെൽവത്തിന്‍റെ നിലപാട്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തി പനീർശെൽവം ഇക്കാര്യം അറിയിക്കുകയും ചെയ്തു. നടൻ കമൽ ഹാസന്‍റെ പാർട്ടിയായ എംഎൻഎമ്മിന്‍റെ ഡിഎംകെ സഖ്യപ്രവേശത്തിനുള്ള മുന്നൊരുക്കവും ഈറോഡ് തെരഞ്ഞെടുപ്പോടെ നടക്കും.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ പങ്കെടുത്ത കമൽഹാസൻ ഈറോഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് സാധ്യത. നിലപാട് തീരുമാനിക്കാൻ വിജയ് കാന്തിന്‍റെ ഡിഎംഡികെയുടെ നേതൃയോഗവും നാളെ നടക്കുന്നുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ പരീക്ഷണശാലയാകും ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. നിലവിലെ മുന്നണി സഖ്യങ്ങളിൽ നിന്ന് ചിലരൊക്കെ പിരിയും, ചിലർ വന്നുചേരുകയും ചെയ്യും.