തിരുവനന്തപുരം : സംവിധായിക നയന സൂര്യയുടെ മരണത്തിൽ സംശയമുണ്ടെന്ന് സഹോദരൻ മധു ക്രൈംബ്രാഞ്ചിനു മൊഴി നൽകി. വെള്ളയമ്പലം ആൽത്തറ ജംക്‌ഷന് സമീപത്തെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ആദ്യ അന്വേഷണ സംഘം കേസെടുത്തത് മധുവിന്‍റെ പരാതിയിലാണ്. നയനയുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചു. നയനയ്ക്കു പ്രമേഹം ഉണ്ടായിരുന്നുവെന്നു മധു പറഞ്ഞു.
സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ അസോഷ്യേറ്റ് ആയിരുന്ന നയനയ്ക്ക് ലെനിന്‍റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും ആ സംഭവം മാനസികമായി നയനയെ തളർത്തിയിരുന്നുവെന്നും മധു പറഞ്ഞു. എന്നാൽ തീവ്രമായ വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൊലപാതക സാധ്യതയെക്കുറിച്ച് അന്വേഷിക്കണമെന്നും മധു ആവശ്യപ്പെട്ടു. ഇന്നലെ പതിനൊന്നരയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് നാലിനാണ് അവസാനിച്ചത്. നാളെ മുതൽ മറ്റു സാക്ഷികളുടെയും മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കൽ ആരംഭിക്കും.