തിരുവനന്തപുരം : ആര്യങ്കാവിൽനിന്ന് മായം കലർന്ന പാൽ പിടിച്ചതോടെ സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റ്റുകളിൽ പാൽപരിശോധന കർശനമാക്കാൻ നിർദേശം. ജില്ലകളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകിയതായി മൃഗസംരക്ഷണ ഡയറക്ടർ ഡോ.എ.കൗശിഗൻ പറഞ്ഞു.
തെങ്കാശിക്കടുത്തുനിന്നു പന്തളത്തെ സ്വകാര്യ ഡയറിയിലേക്ക് ടാങ്കർലോറിയിൽ എത്തിച്ച 15,300 ലീറ്റർ പാൽ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കഴിഞ്ഞ 11ന് ആണ് ക്ഷീരവികസന ഉദ്യോഗസ്ഥർ പിടികൂടിയത്. ചെക്ക്പോസ്റ്റിലെ വകുപ്പിന്‍റെ ലാബിൽ അന്നു നടത്തിയ പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്തി. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലാബിൽ ഇതേ പാൽ പരിശോധിച്ചപ്പോൾ മായം കലർന്നിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതിന്‍റെ പേരിൽ ക്ഷീരവികസന–ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ തമ്മിൽ തർക്കവുമുണ്ടായി.