കൊച്ചി: എറണാകുളം ലോ കോളേജ് സംഭവത്തിൽ ആദ്യ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികളിൽ തൃപ്തിയെന്നും ലോ കോളേജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുക ആയിരുന്നു അപർണ.
ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവർ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തിൽ മാപ്പ് പറഞ്ഞു. കോളേജിനെ താൻ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു.
ജനുവരി 18ന് ആയിരുന്നു എറണാകുളം ലോ കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണു അപമര്യാദയായി പെരുമാറിയത്. പരിപാടിക്കിടെ പൂവുമായാണ് വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂ സ്വീകരിച്ച അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു അപർണയെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപർണ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എസ്എഫ്ഐ നയിക്കുന്ന കോളേജ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തുകയും ചെയ്തു.
ശേഷം വിഷ്ണുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതായിരുന്നു നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു. തൻ്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഇത് തള്ളിയാണ് സസ്പെൻഡ് ചെയ്തത്.