കോഴിക്കോട്: മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75,000 രൂപ വിലവരുന്ന കോഴി മുട്ടകളും, ഗുഡ്സ് ഓട്ടോറിക്ഷയും കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി പീറ്റർ സൈമൺ എന്ന സനു (42), മങ്ങോട്ട് വയൽ സ്വദേശി കെ.വി. അർജ്ജുൻ(32) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതത്.
മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി അർദ്ധരാത്രിയിൽ കോഴിക്കോട് നഗരത്തിൽ ഗുഡ്സ് ഓട്ടോയിൽ എത്തിയ ൈഡ്രവർ വാഹനം വെസ്റ്റ്ഹിൽ ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടു. തുടന്ന്, കുറച്ച് ദൂരെ മാറി വിശ്രമിച്ചു. ഈ വേളയിൽ മറ്റൊരു പാസഞ്ചർ ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ മുട്ടകൾ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം ആൾപാർപ്പില്ലാത്ത വിജനമായ സ്ഥലത്തെത്തിച്ചു. തുടർന്ന്, വണ്ടിയിൽ നിന്നും മുട്ടകൾ പല സമയങ്ങളിലായി പാസഞ്ചർ ഓട്ടോറിക്ഷയിൽ കയറ്റി കോഴിക്കോട് നഗരത്തിൽ തന്നെയുള്ള സൂപ്പർ മാർക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കാതെ ആസൂത്രിതമായി മോഷണം നടത്തിയ പ്രതികളെ നിരവധി സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെയും, സൈബർ സെല്ലിൻ്റെയും സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. കളവ് ചെയ്ത ഗുഡ്സ് ഓട്ടോറിക്ഷയും, മുട്ടകൾ വിൽപന നടത്തിയ ഷോപ്പുകളും, മുട്ടകളുടെ ട്രേയും കണ്ടെടുത്തു. ഇതിലെ പ്രതിയായ പീറ്റർ സൈമൺ മുൻപും മോഷണ കേസിൽ പ്രതിയാണ്.പ്രതികൾ സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റിലാക്കി. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കിരൺ ശശിധർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത് , കെ.എ. രാമകൃഷ്ണൻ, എം.കെ.സജീവൻ, സി. ഹരീഷ് കുമാർ, പി.എം. ലെനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.